കോഴിക്കോട്: കെ.മുരളീധരനെ തൃശൂരിൽ മത്സരിപ്പിച്ച് കോൺഗ്രസ് ബലിയാടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത വി.എസ്.സുനിൽ കുമാറിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിന് പോയതായും വി.ഡി.സതീശൻ തുറന്നുപറഞ്ഞിരുന്നു.
മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്ന് തൃശൂരിലേക്ക് അദേഹത്തെ മാറ്റിയത്. സുനിൽ കുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.
മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുകയാണ് വി.ഡി.സതീശനും സംഘവും ലക്ഷ്യമിട്ടത്. സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയും സുരേന്ദ്രൻ പരിഹസിച്ചു. ഒല്ലൂരിലെ ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപി ആണ് ലീഡ് ചെയ്തത്.
ചാവക്കാടും ഗുരുവായൂരും മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ വോട്ട് കിട്ടിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയതോതിൽ സുരേഷ് ഗോപിക്ക് കിട്ടിയെന്ന് ഇതിൽ വ്യക്തമാണ്. പൂരം കലക്കിയാൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വോട്ട് ചെയ്യുമോയെന്നും എന്ത് പച്ചക്കളളമാണ് വി.ഡി. സതീശൻ പറയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.