തടാകത്തിലെ കൊച്ചു ദ്വീപില്‍ ഒരു വീട്. വെള്ളം പൊങ്ങുന്നതിനനുസരിച്ച് പൊങ്ങുതടി പോലെ വീടും ഉയരും. എത്ര വലിയ വെള്ളപ്പൊക്കം വന്നാലും വീട്ടില്‍ വെള്ളം കയറില്ല! മഴക്കാലത്ത് പതുക്കെ ഒഴുകുന്നതിനാല്‍ എല്ലാ കൊല്ലവും ചുറ്റുമുള്ള കാഴ്ചകളും മാറും. ഇത് ജെയിംസ് കാമറൂണിന്റെ അവതാറില്‍ നിന്നുള്ള വിവരണമല്ല വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ലോക്താക്ക് തടാകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. വടക്കു കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് 236 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലോക്താക്ക്.
ഒഴുകുന്ന ദ്വീപുകളുള്ള ലോകത്തിലെ ഏക ദേശീയ ഉദ്യാനമായ കേയ്ബുള്‍ ലംജാവോയും ലോക്താക്കിലാണുള്ളത്. ഇവിടേക്കുള്ള പ്രവേശനത്തിന് വിദേശികള്‍ക്ക് 200 രൂപയും ഇന്ത്യക്കാര്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ക്യാമറ കരുതണമെങ്കില്‍ വിദേശികള്‍ അധികമായി 250 രൂപയും നാട്ടുകാര്‍ 50 രൂപയും നല്‍കണം. ഏതാണ്ട് 40 ചതുരശ്ര കിലോമീറ്ററാണ് കയ്ബുള്‍ ലംജാവോയുടെ വിസ്തീര്‍ണം. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സ്‌കൂളും ഈ ദേശീയ ഉദ്യാനത്തില്‍ തന്നെയാണുള്ളത്. വംശനാശ ഭീഷണി നേരിടുന്ന സാന്‍ഗെയ് മാനുകളുടെ വാസസ്ഥലമാണിത്. ബാരക്ക്, മണിപ്പൂര്‍ എന്നീ രണ്ട് നദികളാണ് മണിപ്പൂര്‍ സംസ്ഥാനത്തുള്ളത്.
ഇതില്‍ ബാരക്ക് നദിയടക്കം പല നദികളും അവസാനിക്കുന്നത് ലോക്താക് തടാകത്തിലാണ്. ലോക് എന്നാല്‍ നദി എന്നും താക് എന്നാല്‍ അവസാനം എന്നുമാണ് അര്‍ഥം. താങ്ക, ഇത്തിങ്ക്, സെന്‍ഡ്ര, ഫുബ എന്നിങ്ങനെ നാല് വലിയ ദ്വീപുകളാണ് തടാകത്തിലുള്ളത്. തടാകത്തിലെ ചെറുതും വലുതുമായ ദ്വീപുകളില്‍ ഒരു ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. പുംണ്ടിസുകള്‍ എന്ന പേരിലുള്ള ഒഴുകുന്ന ദ്വീപുകളില്‍ ഒരു കൊച്ചുവീടിനുള്ള സ്ഥലമേ ഉണ്ടാകൂ. മഴക്കാലമായാല്‍ ചങ്ങാടംപോലെ കൊച്ചു പുംണ്ടിസുകള്‍ തടാകപ്പരപ്പില്‍ വളരെ പതുക്കെ ഒഴുകി നടക്കും. ഒപ്പം പുംണ്ടിസുകളിലെ വീടുകളും. വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതിനാല്‍ വെള്ളപ്പൊക്കം പുംണ്ടിസുകളെ ബാധിക്കാറില്ല. വെള്ളം കൂടുന്നതനുസരിച്ച് പുംണ്ടിസുകളും ഉയര്‍ന്നുവരും!
മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ലോക്താക്ക്. ഇവിടെ നിന്നും ലോക്താക്കിലേക്കുള്ള റോഡും മികച്ചതാണ്. ബസും ഷെയര്‍ ടാക്‌സിയും ഓട്ടോയും ലോക്താക്കിന്റെ അതിര്‍ത്തി ഗ്രാമമായ മൊയ്‌രാങിലേക്ക് ലഭിക്കും. ഇംഫാലില്‍ നിന്നും മൊയ്‌രാങിലേക്ക് ഏതാണ്ട് 30 കിലോമീറ്ററാണ് ദൂരം. ഇന്ത്യയില്‍ നിരന്തരം പ്രദേശവാസികള്‍ സൈന്യവുമായി ഏറ്റുമുട്ടലുകള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇംഫാല്‍. അതുകൊണ്ട് പ്രാദേശിക വാര്‍ത്തകള്‍ കൂടി മനസിലാക്കിയ ശേഷം യാത്രകള്‍ പദ്ധതിയിടുന്നത് നന്നായിരിക്കും. ഇത്തരം അസ്വസ്ഥതകളാണ് ലോക്താക്കിനെ സഞ്ചാരികളുടെ നഷ്ടസ്വര്‍ഗമാക്കി മാറ്റുന്നത്.
STORY HIGHLLIGHTS: loktak the world’s only floating lake