ജറുസലം: അധിനിവേശ വെസ്റ്റ് ബാങ്കിനും ജോർദാനിനുമിടയിൽ ഇസ്രയേൽ നിയന്ത്രണത്തിലുള്ള അലൻബി ബ്രിജിൽ ജോർദാൻകാരനായ ട്രക്ക് ഡ്രൈവർ നടത്തിയ വെടിവയ്പിൽ 3 ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടു. ഇയാളെ സുരക്ഷാസേന വധിച്ചു. ജോർദാനിൽനിന്നുള്ള ട്രക്കുകൾ വെസ്റ്റ്ബാങ്കിലേക്കുള്ള ചരക്കിറക്കി മടങ്ങുന്ന അലൻബി ബ്രിജിലെ കേന്ദ്രത്തിലാണു ആക്രമണം. ട്രക്കിൽനിന്നിറങ്ങി ഇസ്രയേൽ ചെക്പോസ്റ്റിനുനേരെ വെടിയുതിർക്കുകയായിരുന്നു. തെക്കൻ ജോർദാനിലെ പ്രമുഖ ഗോത്രവിഭാഗമായ കുവൈത്താത്തിലെ അംഗമാണു വെടിവയ്പു നടത്തിയ 39 വയസ്സുകാരൻ.
ചോദ്യംചെയ്യാനായി 24 ട്രക്ക് ഡ്രൈവർമാരെ ഇസ്രയേൽ സേന കസ്റ്റഡിയിലെടുത്തു. ജോർദാനുമായുള്ള അതിർത്തിപാതയും അടച്ചു. വെസ്റ്റ്ബാങ്കിലേക്കും ഇസ്രയേലിലേക്കുംഗൾഫിൽനിന്നുള്ള ചരക്കുകൾ അടക്കം ജോർദാൻ വഴിയാണ് എത്തുന്നത്. ജോർദാനും ഇസ്രയേലും തമ്മിൽ 1994ൽ ആണു സമാധാനക്കരാർ ഒപ്പുവച്ചത്. അതിനിടെ, ഗാസയിലെ ബന്ദികളെ തിരിച്ചെത്തിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടാരോപിച്ച് ഇസ്രയേൽ നഗരങ്ങളിൽ നടന്ന പ്രതിഷേധറാലികളിൽ ഏഴരലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. 24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 31 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ അഭയകേന്ദ്രമായ സ്കൂളിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 2 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. ഗാസ സിവിൽ എമർജൻസി വിഭാഗം ഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് മുർസിയും 4 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
ഒക്ടോബർ 7നുശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 691 പലസ്തീൻകാർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 3 പാരാമെഡിക്ക് അംഗങ്ങൾ കൊല്ലപ്പെട്ടു. യെമൻ വ്യോമാതിർത്തി ലംഘിച്ച യുഎസിന്റെ എംക്യു –9 ഡ്രോൺ വെടിവച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടു തെക്കൻ ഗാസയിൽ കുട്ടികളുടെ പോളിയോ വാക്സിനേഷൻ ഒരുദിവസം കൂടി നീട്ടി. വടക്കൻഗാസയിലെ വാക്സിനേഷൻ ഒരുദിവസം കൂടി നീട്ടി. വടക്കൻഗാസയിലെ വാക്സിനേഷൻ ഇതുമൂലം നാളെയാണു തുടങ്ങുക. ലക്ഷ്യമിട്ടതിന്റെ പകുതിയോളം കുട്ടികൾക്കു വാക്സിനേഷൻ നൽകാനായെന്ന് യുഎൻ അധികൃതർ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 40,972 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,761 പേർക്കു പരുക്കേറ്റു.