ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. എഎവൈ (മഞ്ഞ) കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധിത മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും ഉള്ള സൗജന്യ ഓണക്കിറ്റിൻ്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും വിലക്കയറ്റത്തെ അതിജീവിക്കാനുള്ള ഇടപെടലാണ് വിവിധ വകുപ്പുകളിലൂടെ സർക്കാർ നടത്തുന്നത്. പരമാവധി മെച്ചപ്പെട്ട നിലയിലാണ് ഇത്തവണ റേഷൻ കടകളിലൂടെ സാധനങ്ങൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിച്ച ചമ്പാവരി വിതരണം ചെയ്യുന്നത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. എഎവൈ കാർഡുകാർക്ക് നൽകുന്ന 30 കിലോ അരിയിൽ 50% ചമ്പാവരി നൽകാനാണ് തീരുമാനം. 55 ലക്ഷത്തോളം വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി അധികമായി ഇത്തവണ നൽകും. ഓണക്കിറ്റ് നൽകാനായി 34.29 കോടി രൂപയാണ് സർക്കാർ മാറ്റിവെച്ചത്. സപ്ലൈകോ വഴിയുള്ള ഉൽപ്പന്ന വിതരണത്തോട് ജനങ്ങളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
587,574 എഎവൈ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും ആണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.