പൈതൃക സ്വത്തുക്കളാൽ സമ്പന്നമായ ഒരു രാജ്യമാണ് കൊറിയ. അതിനെ ഊട്ടി ഉറപ്പിക്കുന്ന ജിക്‌ജി എന്ന ബുദ്ധമത പ്രമാണത്തിന്റെ പങ്ക് വളരെ വലുതാണ്. ജിക്‌ജിയുടെ പൂർണ്ണമായ തലക്കെട്ട് ബേഗുൻ ഹ്വാസാങ് ചോറോക്ക് ബുൾജോ ജിക്‌ജി സിംചെ യോജിയോൽ എന്നാണ്. മഹത്തായ ബുദ്ധ പുരോഹിതന്മാരുടെ സെൻ പഠിപ്പിക്കലുകളുടെ സമാഹാരം എന്നാണ് ഇതിനെ വിവർത്തനം ചെയ്യുന്നത്.
1377 ൽ ഗോറിയോ രാജവംശത്തിന്റെ കാലത്ത് ചലിക്കാവുന്ന ലോഹം ഉപയോഗിച്ച് അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമാണ് ജിക്‌ജി. 2001-ൽ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദ വേൾഡ് പട്ടികയിലും ജിക്‌ജി ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലോഹതരമായി സ്ഥാനം പിടിച്ചു. ദക്ഷിണ കൊറിയയുടെ ദേശീയ നിധികളിൽ ഒന്നായും ഈ ഗ്രന്ഥത്തെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ജർമ്മനിയിലെ പ്രിന്‍റിങ് പ്രസ്സിൽ നിന്ന് ജോഹന്നാസ് ഗുട്ടൻബർഗ് തന്‍റെ പ്രശസ്തമായ ബൈബിൾ അച്ചടിക്കുന്നതിന് ഏകദേശം 78 വർഷങ്ങൾക്ക് മുമ്പാണ് ജിക്‌ജി എന്ന ഈ കൊറിയൻ ബുദ്ധ പ്രമാണം അച്ചടിച്ചത്
ജിക്‌ജി എഴുതിയത് ബുദ്ധ സന്യാസിയായ ബെയ്‌ഗുൻ (ബുദ്ധനാമം ഗ്യോംഗാൻ) ആണ്. രണ്ടു പതിപ്പുകളിലായാണ് ഇത് അച്ചടിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ രണ്ടാമത്തെ വാള്യം മാത്രമേ നിലവിലുള്ളൂ. എന്നിരുന്നാലും, സൈലോഗ്രാഫിക് പതിപ്പിൻ്റെ രണ്ട് വാല്യങ്ങൾ ഇന്നും നിലനിൽക്കുന്നതിനാൽ അതിൻ്റെ മുഴുവൻ ഉള്ളടക്കവും അനുമാനിക്കാൻ കഴിയും . 1374-ൽ യോജുവിലെ ച്വിയാംസ ക്ഷേത്രത്തിൽ വെച്ചാണ് ബെയ്‌ഗുൻ ജിക്‌ജി എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നത്. കൊറിയയിലെ സന്യാസ വിദ്യാഭ്യാസത്തിൽ ജിക്‌ജി ഇപ്പോഴും വഴികാട്ടിയായി ഉപയോഗിക്കുന്നു. മാത്രമല്ല, കൊറിയയിലെ നാഷണൽ ലൈബ്രറിയിലും ജങ്‌സാഗക്, ബൾഗാപ്പ് ക്ഷേത്രങ്ങളിലും അക്കാദമി ഓഫ് കൊറിയൻ സ്റ്റഡീസിലും ഇത് സൂക്ഷിച്ചിരിക്കുന്നു.
ജിക്‌ജിയുടെ അവസാന പേജിൽ അതിൻ്റെ പ്രസിദ്ധീകരണത്തിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജിക്‌ജി യഥാർത്ഥത്തിൽ 307 അധ്യായങ്ങളുള്ള രണ്ട് വാല്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. കൂടാതെ, 1377-ൽ ബെയ്‌ഗുൻ്റെ പുരോഹിത വിദ്യാർത്ഥികളായ സിയോക്സനും ഡാൽഡും, ജിക്‌ജിയുടെ പ്രസിദ്ധീകരണത്തിന് ചലിക്കുന്ന ലോഹ തരം ഉപയോഗിച്ച് സഹായിച്ചതായി സൂചിപ്പിക്കുന്ന രേഖകളുമുണ്ട്. ജിക്‌ജി യുടെ മെറ്റാലിക് പതിപ്പ് കൊറിയയിലല്ല, ഫ്രാൻസിലെ നാഷണൽ ലൈബ്രറിയിലാണ് ഉള്ളത്.
1972-ൽ ഫ്രാൻസിലെ നാഷണൽ ലൈബ്രറി ആതിഥേയത്വം വഹിച്ച ‘ഇൻ്റർനാഷണൽ ബുക്ക് ഇയർ’ വേളയിൽ പാരീസിൽ ജിക്‌ജി പ്രദർശിപ്പിക്കുകയും , ആദ്യമായി ലോകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫ്രാൻസിലെ നാഷണൽ ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന ഡോ. പാർക്ക് ബിയോങ്‌സിയോണാണ് ഈ പുസ്തകം വീണ്ടും കണ്ടെത്തിയത്.
STORY HIGHLIGHT: The Jikji world’s oldest machine printed book