Celebrities

‘ദൈവത്തിന്റെ മുന്നിലല്ലാതെ വേറെ ആരുടെയും മുന്നില്‍ തലകുനിക്കരുതെന്ന് പറഞ്ഞു’; തിലകനെക്കുറിച്ച് ഉഷ ഹസീന-Usha Haseena, Thilakan

ഒരിക്കലും ഒരാളുടെയും കാലില്‍ തൊടാന്‍ പാടില്ല

മലയാള സിനിമയില്‍ മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുളള നടനാണ് തിലകന്‍. ഇപ്പോള്‍ ഇതാ തിലകനെ കുറിച്ച് നടി ഉഷ ഹസീന പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉഷ ഹസീന നടത്തിയ ചില പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിലകനുമൊത്തുള്ള തന്റെ പഴയകാല ജീവിതാനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി.

‘തിലകന്‍ ചേട്ടന്‍ ആരെയും കൂസാത്ത ഒരു ക്യാരക്ടര്‍ ആണ്. കിരീടത്തില്‍ പുള്ളി പോലീസുകാരന്‍ ആയിട്ടാണ്. എന്റെ അച്ഛന്‍ ശരിക്കുളള പോലീസ് ആണ്. അങ്ങനെ അവര്‍ ഒരുമിച്ചുളള ഒരു ഫോട്ടോ് ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ഫോട്ടോ എവിടെയാണെന്ന് അറിയില്ല. എത്ര നോക്കിയിട്ടും കിട്ടുന്നില്ല. കിരീടത്തിന് ശേഷം പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. തൊടുപുഴയില്‍ വെച്ചാണ് കണ്ടത്. പക്ഷേ ഞങ്ങള്‍ രണ്ടുപേരും രണ്ട് പടത്തിന്റെ ഷൂട്ടിലായിരുന്നു. പക്ഷേ ഒരേ ഹോട്ടലില്‍ ആയിരുന്നു താമസം.’

 ‘അപ്പോള്‍ ഞാന്‍ കണ്ടപ്പോള്‍ തന്നെ ഓടിച്ചെന്നു. ഇത്രയും വലിയൊരു നടന്‍ ആണല്ലോ.. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങാനായി ചെന്നു. അപ്പോള്‍ അദ്ദേഹം എനിക്ക് തന്ന ഒരു ഉപദേശമാണ്, ഒരിക്കലും ഒരാളുടെയും കാലില്‍ തൊടാന്‍ പാടില്ല, ദൈവത്തിന്റെ മുന്നിലല്ലാതെ വേറെ ആരുടെയും മുന്നില്‍ തലകുനിക്കരുത് എന്ന്. അത്ര വലിയ മനുഷ്യനാണ് അദ്ദേഹം.’, ഉഷ ഹസീന പറഞ്ഞു.

മികച്ച ചലച്ചിത്ര പ്രതിഭകളിലൊരാളായ തിലകന്‍ തന്റെതായ അഭിനയ ശൈലിയുടെ ഉടമകൂടിയാണ്.  1979-ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്. മൂന്ന് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര അഭിനയത്തിലൂടെ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. മലയാളത്തില്‍ 300ലേറെ സിനിമകളില്‍ വേഷമിട്ട തിലകന്‍ 2012 സെപ്റ്റംബര്‍ 24ന് അന്തരിച്ചു.

STORY HIGHLIGHTS: Usha Haseena about Thilakan