ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. എംപോക്‌സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് 2 വകഭേദമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
2022 ജൂലൈ മുതല്‍ 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിക്ക് നിലവില്‍ പ്രശ്‌നങ്ങളില്ല.
ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്‌സ് വൈറസാണ്. ക്ലേഡ് 2 വിനെക്കാൾ അപകടകാരിയായ വൈറസാണിത്. ഒറ്റപ്പെട്ട കേസാണിതെന്നും 2002 ജൂലൈ മുതൽ ഇതുവരെ ഇന്ത്യയിൽ 30 പേർക്ക് സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പടിഞ്ഞാറൻ ആഫ്രിക്കയിൽ സന്ദർശനം നടത്തിയ യുവാവിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഐസൊലേഷനിലാണ്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നില്‍. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളില്‍ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയില്‍ ഇരുപത്തിയേഴുപേര്‍ രോഗബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.