Celebrities

‘കൂടുതലും അകന്നു ജീവിക്കുന്ന സാഹചര്യമായിരുന്നു; മരണം അവള്‍ക്കൊരു ആശ്വാസമായിരുന്നു’; ഭാര്യയെ കുറിച്ച് മധു | madhu

ഭാര്യ ജയലക്ഷ്മി മരിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു

10 വർഷം മുൻപാണ് നടൻ മധുവിന്റെ ഭാര്യ ജയലക്ഷ്മി മരിച്ചത്. തങ്കം എന്നാണ് ഭാര്യയെ മധു വിളിച്ചിരുന്നത്. താൻ മരിക്കുമ്പോൾ തങ്കം ജീവിച്ചിരിക്കണമെന്ന് ആയിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ ആഗ്രഹവും പ്രാർത്ഥനയും. എന്നാൽ അതുമാത്രം നടന്നില്ലെന്ന് അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്. 50 വർഷങ്ങളിൽ ഏറെയായി താമസിക്കുന്ന വീട്ടിൽ താൻ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും എന്നാൽ ഒറ്റയ്ക്കല്ലെന്നും അവൾ ഇവിടെ എവിടെയോ ഉണ്ടെന്നും അദ്ദേഹം പറയാറുണ്ട്. തന്റെ മുറിയുടെ വാതിൽ ഇപ്പോഴും അടച്ചിട്ടില്ല എന്നാണ് മധു പണ്ടൊരിക്കൽ പറഞ്ഞത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏകാന്തതയെക്കുറിച്ചും ഭാര്യയുടെ മരണത്തെക്കുറിച്ചുമൊക്കെ വീണ്ടും മനസ് തുറക്കുകയാണ് മധു.

”ഭാര്യ ജയലക്ഷ്മി മരിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു. വിവാഹ ശേഷം ഒരു കാലത്തും 24 മണിക്കൂറും ഒരുമിച്ചു തന്നെ ഉണ്ടായിരുന്ന സാഹചര്യങ്ങള്‍ ഇല്ലെന്ന് വേണം പറയാന്‍. സിനിമയുമായി ബന്ധപ്പെട്ടു കൂടുതലും അകന്നു ജീവിക്കുന്ന സാഹചര്യമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ അടുത്തില്ലല്ലോ എന്നൊരു തോന്നലില്ല. ഉണ്ടെന്നും തോന്നുന്നില്ല.

കിടന്നു പോയപ്പോള്‍ കുറച്ചേറെ വിഷമിച്ചിരുന്നു. അതുകൊണ്ട് തന്നെ മരണം അവള്‍ക്കൊരു ആശ്വാസം തന്നെയായിരുന്നു എന്നാണു തോന്നിയത്. മകള്‍ ഉമ വീടിനോടു ചേര്‍ന്നു തന്നെയാണ് താമസം. ഏകാന്തത അങ്ങനെയൊന്നു അനുഭവപ്പെടുന്നില്ല. കാണാനുള്ള സിനിമകള്‍ തന്നെ ഏറെയുണ്ട്. മൂന്ന് പത്രം വരുന്നുണ്ട്. ഓരോ കോളുകള്‍, ഗസ്റ്റുകള്‍, തനിച്ചല്ല തനിച്ചാണെന്ന തോന്നലുമില്ല” എന്നാണ് മധു പറയുന്നത്.

ഭാര്യ ജയലക്ഷ്മി 2014 ജനുവരിയിലാണ് മരിക്കുന്നത്. മുമ്പ് നല്‍കിയൊരു അഭിമുഖത്തിലും മധു ഭാര്യയുടെ മരണത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

‘വ്യക്തിജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതില്‍ വിഷമമുണ്ട്. ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവള്‍… ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍. പെട്ടന്നൊരുനാള്‍ രോഗശയ്യയിലായി. പിന്നീട് ഞാന്‍ അധികം വീട് വിട്ടുനിന്നിട്ടില്ല.’ ‘എത്ര വൈകിയാലും വീട്ടിലെത്തും. അവള്‍ കിടക്കുന്ന മുറിയിലെത്തി… ഉറങ്ങുകയാണെങ്കില്‍ വിളിക്കാറില്ല. എട്ട് വര്‍ഷം മുമ്പ് അവള്‍ പോയി… എന്റെ തങ്കം.

content highlight: madhu-opens-up-about-his-late-wife