India

മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; വിദ്യാർഥി പ്രതിഷേധത്തിൽ 50 പേർക്ക് പരിക്ക് | 50 injured in Manipur Students Protest

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാവുന്നു. മണിപ്പൂരിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ 50 പേർക്ക് പരിക്ക്. പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിനു നേരെ കല്ലെറിഞ്ഞതിനാൽ രാജ്ഭവനിൽ സുരക്ഷ ശക്തമാക്കി. തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി. സംസ്ഥാനത്തെ സുരക്ഷാ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധമാണ് സംഘർത്തിന് ഇടയാക്കിയത്.

സമരം ചെയ്യുന്ന വിദ്യാർഥികളുമായി മുഖ്യമന്ത്രി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തി. ഇതിനിടെ, സുഗ്ണു മേഖലയിലും വെടിവെപ്പ് ഉണ്ടായി. സംഘർഷം നേരിടാൻ സുരക്ഷാ സേനകളുടെ സംയുക്ത നീക്കം വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, മണിപ്പൂർ പ്രധാനമന്ത്രി സന്ദർശിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.

റോക്കറ്റ് ആക്രമണം ഉൾപ്പെടെ നടക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുക്കി-മെയ്തെയ് വിഭാഗങ്ങൾ അതിർത്തി പ്രദേശങ്ങളിൽനിന്നുമാണ് ആക്രമണങ്ങൾ നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ച് ബോംബ് ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ, ആന്റി ട്രോൺ സംവിധാനം ഉപയോഗിച്ച് പരിശോധന തുടരുകയാണ്.