ജീവിതത്തിൽ ഒരിക്കലെങ്കിലും കൺകുരു എന്ന പ്രശ്നം നേരിടാത്തവർ വളരെ വിരളമായിരിക്കും. കൺപോളയിലെ സീബഗ്രന്ഥികളിലെ അണുബാധമൂലമുണ്ടാകുന്ന പോള വീക്കമാണ് കൺകുരു. കൺപോളയുടെ പുറം ഭാഗത്തൊ അകത്തോ കൺകുരു വരാം. സ്ത്രീ പുരുഷ പ്രായഭേദമന്യേ കണ്ടുവരുന്ന ഈ രോഗാവസ്ഥ മിക്കപ്പോഴും ചികിൽസയില്ലാതെ തന്നെ അപ്രത്യക്ഷമാവാറുണ്ട്. കൺകുരുബാധ ചിലപ്പോൾ ദിവസങ്ങളോ ആഴ്ച്ചകളോ നീണ്ടുനിൽക്കാം.
കൺകുരുവിന്റെ പ്രധാന കാരണം കൺപീലിയുടെ ചുവട്ടിലുള്ള സീബഗ്രന്ഥികളുടെ സ്രവതടസ്സമാണ്. മാത്രമല്ല ഉറക്കമില്ലായ്മ, വൃത്തിഹീനത, നിർജലീകരണം, കണ്ണുകൾ അമർത്തി തിരുമ്മൽ ഇങ്ങനെ പല കാരണങ്ങളും ഇതിനു പിന്നിൽ ഉണ്ട്. ശുചിത്വം തന്നെയാണ് ഏറ്റവും ഉത്തമമായ പ്രതിരോധം. കൈകൾ വൃത്തിയായി കഴുകുന്നത് കൺകുരു മാത്രമല്ല ധാരാളം രോഗങ്ങളുടെ വ്യാപനം തടയുന്നു. മേക്കപ്പ് ഉപയോഗിക്കുന്നതും, മേക്കപ്പ് വസ്തുക്കളും ഉപകരണങ്ങളും പങ്കിട്ട് ഉപയോഗിക്കുന്നതും കൺകുരു വ്യാപനത്തിന് കാരണമാണ്. ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് മാറ്റുന്നതും മേക്കപ്പ് ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും പ്രതിരോധ നടപടികളിൽ ഉൾപ്പെടുന്നു.
കൺകുരുവിന്റെ ബുദ്ധിമുട്ട് നേരിടുന്നവർ പ്രധാനമായും ഐലൈനർ, കോൺടാക്റ്റ് ലെൻസുകൾ എന്നിവ ഒഴിവാക്കണം, കാരണം ഇവ അണുബാധയെ വർദ്ധിപ്പിക്കുകയും ചിലപ്പോൾ കോർണിയയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാന്‍ പാടുള്ളതല്ല. അത് തന്നെ പൊട്ടിയൊലിക്കാന്‍ അനുവദിക്കുക. സ്വയം പരിചരണത്തിലൂടെ തന്നെ കൺകുരു മാറ്റിയെടുക്കാവുന്നതാണ്. ചൂട് വയ്ക്കുക, ചൂട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കണ്‍കുരുവിന് മുകളില്‍ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക, ശുദ്ധ ജലത്തിൽ കണ്ണ് കഴുകുക, കണ്‍പോളകളുടെ കാര്യത്തില്‍ ശുചിത്വം പാലിക്കുക എന്നിവയൊക്കെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.
കൺപോളയിൽ ഉണ്ടാകുന്ന വേദന, നനഞ്ഞ കണ്ണുകൾ, ചുവന്ന തടിപ്പ്, വീർത്ത കൺപോള തുടങ്ങി പല ലക്ഷണങ്ങൾ കൺകുരുവിന് ഉണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനുശേഷം കൺപോളയുടെ ഭാഗത്ത് വീർത്ത കണ്ണുകളോടൊപ്പം വേദനാജനകമായ മുഖക്കുരു പോലുള്ള ബമ്പ് വികസിക്കുന്നു. പൊതുവെ കൺകുരു അത്ര പ്രശ്നം ഉണ്ടാക്കുന്നവയല്ല. എന്നാൽ അടിക്കടി ഉണ്ടാവുന്ന കൺകുരു, പ്രത്യേകിച്ചും കുട്ടികളിൽ കാണുന്നവ നിസ്സാരമാക്കരുത്.
STORY HIGHLIGHT: eye stye