വെളിപ്പെടുത്തലുകള്‍ക്ക് ചെറിയ ഇടവേളകള്‍ നല്‍കിയും സി.പിഎമ്മിന് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയും ചിലതൊക്കെ വിഴുങ്ങിയും പി.വി അന്‍വര്‍ എം.എല്‍.എ നടത്തുന്ന പോരാട്ടം തുടരുകയാണ്. ഭരണപക്ഷത്തെ യഥാര്‍ത്ഥ പ്രതിപക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്ന അന്‍വര്‍, പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെന്നാണ് പുതിയ വെളിപ്പെടുത്തലിലൂടെ കേരളം മനസ്സിലാക്കുന്നത്. തൊട്ടു പിന്നാലെ പോലീസിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എയും രംഗത്തെത്തി. മലപ്പുറത്തെ എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു എന്നതലക്കെട്ടിലാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശക്തനായ പൊളിട്ടിക്കല്‍ സെക്രട്ടറിക്കെതിരേ നിര്‍ഭയമായാണ് പോരാട്ട മുഖം വീണ്ടും അന്‍വര്‍ തുറന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പരാതി ഉന്നയിച്ച വിഷയം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, രാഷ്ട്രീയപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ, അതേക്കുറിച്ച് തന്നോട് ഇനി ചോദിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ അന്‍വര്‍ പിന്നീട് ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. എന്നാല്‍, ഇന്നലെ വീണ്ടും പി.ശശിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും അന്‍വര്‍ കളംപിടിക്കുന്നത്. പി. ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്നാണ് അന്‍വര്‍ പറഞ്ഞത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണ്. പി.ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നുമാണ് അന്‍വര്‍ പറയുന്നത്. ശശിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെ:
‘ഇനി പുറത്തു വിടുക ഈ സര്‍ക്കാരിനെയും പാര്‍ട്ടിയേയും അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ്. പൊലീസിന്റെ സീക്രട്ട് റിപ്പോര്‍ട്ടുകള്‍ എന്റെ പക്കലുണ്ട്. ഇതൊന്നും ആഭ്യന്തര മന്ത്രിയിലേക്ക് എത്തിയിട്ടില്ല. പൊളിറ്റിക്കല്‍ സെക്രട്ടറി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടില്ല. തെളിവുകളടക്കം വെച്ച് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഴുവന്‍ ഒരു വിഭാഗം പോലീസാണ്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ശശി വലിയ പരാജയമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പോസ്റ്റിങ് നടത്തുന്നത് മുഖ്യമന്ത്രി തനിച്ചല്ല. എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റില്ലല്ലോ. അന്വേഷണം നടക്കണ്ടേ. നേരെ നമുക്ക് അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാന്‍ പറ്റില്ലല്ലോ. പടികള്‍ മുഴുവന്‍ കയറിയാലേ അപ്സ്റ്റയറിലേക്ക് കയറാന്‍ പറ്റുകയുള്ളൂ.’ എന്നും അന്‍വര്‍ പറയുന്നു. പി. ശശിക്കെതിരേ രാഷ്ട്രീയ ആരോപണം ഉന്നയിക്കില്ലെന്നു പറഞ്ഞ അന്‍വറിനുണ്ടാ മനംമാറ്റത്തിനു പ്രധാന കാരണം, ത്രിമൂര്‍ത്തികളിലെ ഒരാളുടെ എതിര്‍പ്പാണ്. കുറുമുന്നണിയിലെ മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് അന്‍വിനെ തള്ളിയതോടെയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പി. ശശിയുമായുള്ള വിഷയത്തില്‍ അന്‍വര്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആക്ഷേപം റസാഖ് ഉന്നയിച്ചിരുന്നു.
കാരാട്ട് റസാഖിന്റെ വാക്കുകള്‍ ഇങ്ങനെ:
‘പരാതിയില്‍ പി. ശശിക്കെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്താത്തത് സംശയകരമാണ്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.അന്‍വര്‍ ആരോപണം ഉന്നയിക്കുന്നത് എന്നാണ് കരുതിയത്. അതിനാലാണ് പിന്തുണ നല്‍കിയത്. ആരോപണങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലം ഇല്ലെങ്കില്‍ പിന്തുണയ്ക്ക് അര്‍ഥമില്ലെന്നും പി. ശശിക്കെതിരായ തന്റെ നിലപാടില്‍ മാറ്റമില്ല. വാര്‍ത്ത സൃഷ്ടിക്കാന്‍ മാത്രമുള്ള ശ്രമം ആണെങ്കില്‍ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.’
ഇതാണ് അന്‍വറിനെ വീണ്ടും ശശിയിലേക്ക് തിരിച്ചിരിക്കുന്നത്. മലപ്പുറം എസ്പിക്ക് എതിരെ അന്‍വര്‍ തുടങ്ങിവച്ച യുദ്ധം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും എ.ഡി.ജി.പി അജിത് കുമാറിലേക്കും എത്തിയതോടെ പണറായി വിജയന്‍ നേരിട്ടു കാണാന്‍ വിളിപ്പിച്ചു. മുഖ്യമന്ത്രിമന്ത്രിയെ കണ്ട ശേഷം പുറത്തിറങ്ങിയ അന്‍വര്‍ പിന്നെ ഒരക്ഷരം ആരെക്കുറിച്ചും മിണ്ടിയില്ല. പിറ്റേ ദിവസം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടതോടെ വര്‍ദ്ധിത വീര്യത്തോടെ വീണ്ടും വെളിപ്പെടുത്തല്‍ നടത്തി. അജിത്കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്‍ നടത്തുമ്പോഴും ബോധപൂര്‍വ്വം പി. ശശിക്കു നേരെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ വിഴുങ്ങി. എന്നാല്‍, പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരേ അന്‍വര്‍ തുറന്ന പോരാട്ടത്തിന് കെ.ടി. ജലീലും കാരാട്ട് റസാഖും പൂര്‍ണ്ണ പിന്തുണ നല്‍കി രംഗത്തെത്തി.
എന്നാല്‍, പി. ശശിക്കെതിരേയുളള ആരോപണത്തിനെ അന്‍വര്‍ നിരന്തരം ഓണ്‍ചെയ്യാത്തത് കാരാട്ട് റസാഖിനെ ചൊടിപ്പിച്ചിരുന്നു. ഒന്നിട്ടു പൊരുതാന്‍ ഇറങ്ങുമ്പോള്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന പാഠം ഉള്‍ക്കൊണ്ടാണ് അന്‍വര്‍ വീണ്ടും പി. ശശിയെ ടാര്‍ഗറ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. എ്‌നാല്‍, ഈ ആരോപണങ്ങളെല്ലാം ചെന്നു തറയ്ക്കുന്നത് മുഖ്യമന്ത്രിയുടെ നഞ്ചത്തു തന്നെയാണെന്ന വസ്തുത എല്ലവര്‍ക്കുമറിയാം. ഒരു ഇടതുഭരണത്തിലും സിപിഎം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി ഇപ്പോള്‍. എങ്ങനെ ഈ കുരുക്കില്‍ നിന്നും കരകയറാന്‍ കഴിയുമെന്ന് പാര്‍ട്ടിക്കും സര്‍ക്കാരിനും അറിയാത്ത അവസ്ഥ. ഇത്പാര്‍ട്ടി ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങളായിരുന്നുവെങ്കില്‍ അതിന് രാഷ്ട്രീയ മറുപടി മാത്രം മതിയായിരുന്നു.
എന്നാല്‍, ഇത് ഭരണപക്ഷത്തെ എം.എല്‍.എമാരാണ് ഉന്നയിച്ചിരിക്കുന്നത്. അതും സ്വതന്ത്ര എം.എല്‍.എമാര്‍. പാര്‍ട്ടി എം.എല്‍.എമാര്‍ ആയിരുന്നുവെങ്കില്‍ അവരുടെ വാ തുന്നിക്കെട്ടാമായിരുന്നു. പക്ഷെ, ഇവരെ പിടിച്ചു കെട്ടാന്‍ പാര്‍ട്ടിക്ക് പരിമിതിയുണ്ട്. ഇതാണ് വിമത നീക്കം നടത്തുന്ന എം.എല്‍.എമാരുടെ ആയുധവും. അന്‍വറിന്റെ പിന്നില്‍ അന്‍വര്‍ മാത്രമാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ തറപ്പിച്ചു പറയുമ്പോഴും സിപിഎമ്മിലും സര്‍ക്കാരിലും പ്രബലരായവര്‍ ഉണ്ടെന്നു തന്നെ വിശ്വസിച്ചേ മതിയാകൂ.
മുഖ്യമന്ത്രിക്കു നേരെ തൊടുക്കാനുള്ള ആയുധമായി അന്‍വറിനെയും മറ്റു രണ്ട് സ്വതന്ത്ര എം.എല്‍.എമാരെയും ഉപയോഗിക്കുന്നത് ശക്തിയാര്‍ജ്ജിക്കുന്ന രഹസ്യ ഗ്രൂപ്പ് തന്നെയാണെന്നാണ് സൂചനകള്‍. ഇതിനിടയിലാണ് അടങ്ങിയിരുന്ന കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഭ്യന്തര വകുപ്പിനു നേരെ ഒളിയമ്പെയ്തിരിക്കുന്നത്. ഇത് ചെന്നു തറച്ചതും മുഖ്യമന്ത്രിക്കുതന്നെ.
ജില്ലാ പൊലീസ് മേധാവി അടക്കം മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയതുമായി ബന്ധപ്പെട്ടാണ് കെ ടി ജലീലിന്റെ പോസ്റ്റ്. ‘മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു’ എന്ന തലക്കെട്ടിലാണ് കെ ടി ജലില്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജലീല്‍ പറയുന്നു. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭന്‍മാരെ കുറിച്ച് എന്തുപറയാന്‍. ഏതെങ്കിലും നിരപരാധികളെ വര്‍ഗീയ വിദ്വേഷത്തിന്റെ പേരില്‍ അന്യായമായി ആര് ദ്രോഹിച്ചാലും അവര്‍ക്കോ അവരുടെ മക്കള്‍ക്കോ അതിന്റെ ‘ഫലം’ ദൈവം നല്‍കും. മലപ്പുറം SP-യെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്. കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു
IPS ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ BJP യുടെ അധികാരാരോഹണമാണ് പൊലീസിലെ സംഘിവല്‍ക്കരണത്തിന് വഴി വെച്ചത്. കേരളത്തിന് പുറത്ത് നിന്ന് വരുന്ന IPS ഉദ്യോഗസ്ഥരിലാണ് മലയാളക്കരക്ക് അപരിചിതമായ വര്‍ഗ്ഗീയ ചുവയോടെയുള്ള പെരുമാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ക്രമേണ അത് മലയാളി IPS കാരിലേക്കും വ്യാപിക്കുന്നതാണ് നാം കണ്ടത്.
ഉത്തരേന്ത്യയില്‍ മതം നോക്കി കുറ്റവാളികളാക്കുകയും, കേസെടുത്ത് ജയിലിലാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. എന്നാല്‍ കേരളത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നുള്ളത് ഏതൊരു മലയാളിയേയും വേദനിപ്പിക്കും. ഇതിന് സര്‍ക്കാരോ മുഖ്യമന്ത്രിയോ അല്ല ഉത്തരവാദി. ഉദ്യോഗസ്ഥ സമൂഹത്തെ വിശ്വാസത്തിലെടുക്കുക എന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭന്‍മാരെ കുറിച്ച് എന്തുപറയാന്‍?
മലപ്പുറം എസ്.പി ശശിധരന്‍ സംഘി മനസ്സുള്ള ‘കണ്‍ഫേഡ് IPS’ കാരനാണെന്ന് നാട്ടില്‍ പാട്ടാണ്. പദവികള്‍ കരസ്ഥമാക്കാന്‍ എന്ത് നെറികേടും ചെയ്യുന്നവര്‍ കശക്കിയെറിയുന്ന നിരപരാധികളുടെ പ്രാര്‍ത്ഥന വന്‍ശാപമായി ഉദ്യോഗസ്ഥ പ്രമാണിമാരുടെ തലയില്‍ നിപതിക്കുക തന്നെചെയ്യും. മലപ്പുറം എസ്.പിയുടെ തൊപ്പിയിലെ ‘പൊന്‍തൂവ്വലുകള്‍’ക്ക് രക്തത്തിന്റെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. വംശവെറിയുടെ വിഷമുണ്ട്.
എത്രമാത്രം സങ്കുചിതന്‍മാരും അധമന്‍മാരുമാണ് ഇത്തരം ഓഫീസര്‍മാര്‍? ഇവിടെയാണ് പൊതുപ്രവര്‍ത്തകര്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഒരു രാഷ്ട്രീയക്കാരനും തന്റെ മുന്നില്‍ വരുന്ന കേസുകള്‍ വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ വെച്ച് കാണാന്‍ താല്‍പര്യപ്പെടില്ല. ഒരാളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കാനും കേസില്‍ കുടുക്കാനും പൊലീസ് മേധാവികള്‍ ചെയ്യുന്ന പോലെ അവരൊരിക്കലും ചെയ്യില്ല. വെറുതെയല്ല വര്‍ഗ്ഗീയവാദികളും അഴിമതിക്കാരുമായ റിട്ടയര്‍ ചെയ്യുന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ‘പട്ടിയുടെ’ വില പോലും നാട്ടുകാര്‍ കല്‍പ്പിക്കാത്തത്. ഉന്നതോദ്യോഗസ്ഥര്‍ ചെയ്യുന്ന നെറികേടുകള്‍ ഉറക്കെ പറയാന്‍ ആരും മിനക്കെടാത്തത് ഭയം കൊണ്ടാണ്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്നെങ്കിലും ഈ ‘മൂര്‍ഖന്‍മാര്‍’ കൊത്തിക്കൊല്ലുമെന്ന് ഓരോരുത്തരും കരുതുന്നു. പൗരന്‍മാരുടെ ഈ പേടിയാണ് ഹൃദയശൂന്യരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എക്കാലത്തും കരുത്തായത്.
ഇന്ന് ഞാനൊരു റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. അതില്‍ ശശിധരന്റെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്നുണ്ട്. മുന്‍മജിസ്‌ട്രേറ്റിന്റെ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളും അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പും മാത്രം മതി, മലപ്പുറം എസ്.പിക്കെതിരെയുള്ള തെളിവായി. വസ്തുതാ വിരുദ്ധമായി ആ പോസ്റ്റില്‍ വല്ലതുമുണ്ടെങ്കില്‍ ശശിധരന്‍ അയാള്‍ക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കട്ടെ. മലപ്പുറം SP-യെ പോലുള്ള ‘വര്‍ഗ്ഗീയവിഷ ജന്തുക്കളെ’ തുറന്നു കാട്ടാന്‍ ഇനി മടിച്ചു കൂട. നമ്മുടെ മൗനം പോലും അത്തരക്കാര്‍ക്ക് കരുത്താകും.
ഏതെങ്കിലും നിരപരാധികളെ വര്‍ഗീയ വിദ്വേഷത്തിന്റെ പേരില്‍ അന്യായമായി ആര് ദ്രോഹിച്ചാലും അവര്‍ക്കോ അവരുടെ മക്കള്‍ക്കോ അതിന്റെ ‘ഫലം’ ദൈവം നല്‍കും. ഉറപ്പാണ്. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്.പിയായി പെറ്റികേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ടാക്കി ഏറ്റവുമധികം കേസുള്ള ജില്ലയെന്ന അപഖ്യാതി മലപ്പുറത്തിന് ചാര്‍ത്തി നല്‍കിയ സുജിത് ദാസിന്റെ ഗതി എന്തായി? മുഖ്യമന്ത്രി കര്‍ശനമായാണ് പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം SP-യെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്.’
ഇതാണ് ജലീലിന്റെ പോസ്റ്റില്‍ പറയുന്നത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ അന്‍വര്‍ തുടങ്ങിവെച്ച യുദ്ധം എങ്ങനെ മുന്നേറുമെന്നതിന് വ്യക്തമായ ഉത്തരം കിട്ടിക്കഴിഞ്ഞു. ADGPക്കു പിന്നാലെ പി. ശശിയാണ് അടുത്തത്. അന്‍വറിന്റെ കൈയ്യിലുണ്ടെന്നു പറയുന്ന തെളിവുകള്‍ പുറത്തു വരുന്നതോടെ പി. ശശിയുടെ അവസ്ഥ എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
CONTENT HIGHLIGHTS;”Anwar sneaked not to hide, but to pounce”: P. Shashi also go Kurumunnani; Ankakacha and Jalil too