അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ മുന്നിൽ നിന്ന് സധൈര്യം സംസാരിക്കുന്ന ആ വിദ്യാർത്ഥിനേതാവിൻ്റെ ചിത്രം എത്രത്തോളം ആവേശമാണ് ഇന്നോളം പകർന്നുനല്കിയിട്ടുള്ളത് എന്ന് പറഞ്ഞറിയിക്കാനാവില്ല. പിന്നീടും സീതാറാം യച്ചൂരി എന്ന സി.പി ഐ എമ്മിൻ്റെ ആ സമുന്നതനായ നേതാവിനെ ഏറെ ആദരവോടെയും സ്നേഹത്തോടെയും പിന്തുടർന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ വർഗ്ഗീയതയിൽ നിന്നും ഏകാധിപത്യത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തിനായി ഇന്ത്യാ മുന്നണിയ്ക്കു വേണ്ടി മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിൻ്റെ ഉറച്ച നിലപാടുകൾ ആവേശം പകർന്നു. അദ്ദേഹത്തിൻ്റെ വേർപാട് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് എന്നിരിക്കിലും അനേകം സഖാക്കൾക്ക് ദിശാബോധവും വീര്യവും ഏകുന്ന ചെങ്കൊടി ചുവപ്പായും സമരജ്വാലയായും അദ്ദേഹം ചിരസ്മരണീയനായിരിക്കുമെന്ന് തീർച്ച. സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.