പൊന്‍മുടി സര്‍ക്കാര്‍ യു.പി സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും ഗുരുതര സുരക്ഷാ ഭീഷണി നേരിടുന്നതായി മനുഷ്യാവകാശ കമ്മീഷന്‍. സ്‌കൂളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വകുപ്പുകളെ പഴിചാരി രക്ഷപെടാന്‍ കഴിയുകയില്ലെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടര്‍ നേരിട്ട് നടത്തണമെന്നും കാലതാമസം കൂടാതെ ചുറ്റുമതില്‍ നിര്‍മ്മിച്ച് കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വനാതിര്‍ത്തിയിലുള്ള സ്‌കുളില്‍ 42 പിഞ്ചുകുഞ്ഞുങ്ങളും 8 അധ്യാപകരുമുണ്ട്. ജില്ലാ കളക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2023 ഫെബ്രുവരി 24 ന് സ്‌കൂളില്‍ ആന കയറിയെന്നും ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഡി.എഫ്.ഒ, നെടുമങ്ങാട് തഹസില്‍ദാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരുടെ വകുപ്പുതല യോഗം വിളിച്ചുകൂട്ടി. റവന്യൂറിക്കോര്‍ഡ് പ്രകാരം സ്‌കുളിന് 02.25 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും നിലവില്‍ സ്‌കൂളിന്റെ കൈവശത്തില്‍ 45 സെന്റ് മാത്രമേയുള്ളുവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. യു.പി സ്‌കൂളിന് 1 ഏക്കര്‍ 10 സെന്റ് ഭൂമി ആവശ്യമുള്ള സാഹചര്യത്തില്‍ 47 സെന്റിന് പുറമേയുളള 63 സെന്റിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ആവശ്യമില്ല. ഈ ഭൂമി പരിവേശ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്ന് വനം വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി പരിവേശ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ സൈ്വര്യവിഹാരം നടത്തുന്നത് നിത്യ സംഭവമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.