എണ്ണയില്ലാതെ പാചകം ചെയ്യുക എന്ന് പറയുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ പപ്പടവും പലഹാരവുമൊക്കെ വറത്തു കോരുമ്പോൾ ബാക്കിവരുന്ന എണ്ണ ഒഴിവാക്കാതെ എടുത്ത് വെച്ച് വീണ്ടും ഉപയോഗിക്കുന്നത് പലർക്കുമുള്ള ശീലമാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മാരകമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തുവാണ് എണ്ണ.
പഴകിയ എണ്ണയുടെ ഉപയോഗം വയറ്റിലെ അസ്വസ്ഥത, ദഹനപ്രശ്‌നം, വയറ്റിൽ ഗ്യാസ് ഉണ്ടാക്കുക, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ശരീരത്തിൽ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുക, അതുവഴി ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുമുള്ള സാധ്യതകളും ഏറെയാണ്. കഴിവതും രണ്ടിലധികം തവണ ഉപയോഗിച്ച എണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് കൂടുതല്‍ അപകടസാധ്യതകള്‍ ഉണ്ടാക്കാൻ കാരണമാകുന്നു. ഒരുപാട് നേരം അടുപ്പില്‍ വച്ച് തിളപ്പിച്ച എണ്ണ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ എടുത്തുവയ്ക്കുമ്പോള്‍ അത് നന്നായി ചൂടാറിക്കഴിഞ്ഞ്, അരിച്ച ശേഷം അടച്ചുറപ്പുള്ള ചില്ല് പാത്രത്തിലോ മറ്റോ ആയിരിക്കണം സൂക്ഷിച്ച് വെക്കേണ്ടത്. ഇല്ലെങ്കിൽ എണ്ണയില്‍ ബാക്കി കിടക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്.
കടകളിൽ നിന്നും സ്ഥിരമായി നമ്മൾ വറുത്തതും പൊരിച്ചതുമായിട്ടുള്ള ആഹാരം കഴിക്കുമ്പോൾ, അവർ എണ്ണ മാറ്റാറുണ്ടോ എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല. ക്യാൻസർ, ഹൃദ്രോഗം, അറ്റാക്ക് മുതലായ മാരകമായ രോഗങ്ങൾ പിടിപെടുമ്പോൾ മാത്രമാണ് ഇതിന്റെ ഗൗരവത്തെപ്പറ്റി നമ്മൾ ചിന്തിക്കുന്നത്. ഉപയോഗിച്ച എണ്ണ വീണ്ടും എത്ര തവണ ഉപയോഗിക്കാം എന്നത്. ഏത് എണ്ണ ?, എണ്ണയിൽ ഉപയോഗിച്ച ഭക്ഷണമേത് ? , എത്ര നേരം എണ്ണ ചൂടാക്കി ? എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ കട്ടിയും നിറവും പരിശോധിക്കുക. നല്ല രീതിയില്‍ ഇരുണ്ട നിറമായ എണ്ണയാണെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്.
ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അമിതമായി പുകയുന്നുണ്ടെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കുക. കഴിവതും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. പാചക എണ്ണ പുനരുപയോഗിക്കുന്നത് ലാഭകരമാകുമെങ്കിലും, ഇത് തലച്ചോറിൻ്റെ ആരോഗ്യത്തെയും മോശമായി ബാധിക്കും.
STORY HIGHLIGHT: Reusing Cooking Oil