ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഒരു കത്ത് നിങ്ങളെ തേടിയെത്തിയാൽ നല്ല രസമായിരിക്കും അല്ലേ. ലോകത്തിലെ ഏറ്റവും വിദൂരമായ ഒരു പോസ്റ്റ് ഓഫിസിൽ നിന്നാണത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ, അന്റാർട്ടിക്ക എന്ന ഭൂഖണ്ഡം പോലും ഭൂമിയുടെ അങ്ങെയറ്റമാണ്. അപ്പോൾ ആ ഭൂഖണ്ഡത്തിന്റെ ഏറ്റവും വിദൂരത്തായി സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസിൽ നിന്നുമാണ് ആ കത്ത് നിങ്ങളെ തേടിയെത്തുക. ലോകത്തിലെ ഏറ്റവും വിദൂരമായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസിന്റെ കൂടുതൽ വിശേഷങ്ങളറിയാം.
അന്റാർട്ടിക്കയിലെ പെനിൻസുലയിലുള്ള ഗൗഡിയർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന പോർട്ട് ലോക്ക്റോയ് പോസ്റ്റ് ഓഫീസ് ലോകത്തിലെ ഏറ്റവും വിദൂരമായി പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നാണ് അറിയപ്പെടുന്നത്. ഒരിക്കൽ ഒരു ഗവേഷണ കേന്ദ്രമായിരുന്ന ഈ സ്ഥലം ഇപ്പോൾ അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു. ഇവിടെയെത്തുന്നവർക്ക് തെക്കേയറ്റത്തെ ഭൂഖണ്ഡത്തിൽ നിന്ന് പോസ്റ്റ്കാർഡുകളും കത്തുകളും അയയ്ക്കാൻ അനുവദിക്കുമെന്ന പ്രത്യേകയുമുണ്ട് ഈ പോസ്റ്റ് ഓഫീസിന്. പെൻഗ്വിൻ പോസ്റ്റ് ഓഫീസ് എന്നും ഇത് അറിയപ്പെടുന്നുണ്ട്.
ഗൗഡിയർ ദ്വീപ് ബ്രിട്ടീഷ് അന്റാർട്ടിക്ക് ടെറിട്ടറിയുടെ ഭാഗമാണ്. അന്റാർട്ടിക്കയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില തപാൽ ഓഫീസുകളിൽ ഒന്നാണിത്. സത്യം പറഞ്ഞാൽ ഈ പോസ്റ്റ് ഓഫിസ് വളരെ തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. ക്രൂയിസ് ടൂറിസത്തിലൂടെയാണ് ഇവിടെ സഞ്ചാരികളെത്തുന്നത്. മറ്റുചിലർ ലോകത്തിലെ ഏറ്റവും വിദൂര പോസ്റ്റോഫീസിൽ നിന്ന് ഒരു പോസ്റ്റ്കാർഡ് അയയ്‌ക്കുന്നതിന്റെ ത്രില്ലിനായും വരുന്നു. ഇവിടെ നിന്നു ലഭിക്കുന്ന പോസ്റ്റുകാർഡുകൾക്ക് ഒരു പ്രത്യേക അന്റാർട്ടിക് സ്റ്റാമ്പും പെൻഗ്വിൻ ആകൃതിയിലുള്ള ഒരു പോസ്റ്റ്മാർക്കും ലഭിക്കുന്നു.
അന്റാർട്ടിക്കയിൽ സ്ഥാപിതമായ ആദ്യത്തെ ബ്രിട്ടീഷ് ശാസ്ത്ര താവളങ്ങളിലൊന്ന് എന്ന നിലയിൽ പോർട്ട് ലോക്ക്റോയ്ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത്, ഇത് ഒരു രഹസ്യ യുദ്ധകാല താവളമായി പ്രവർത്തിച്ചിരുന്നു. യുദ്ധാനന്തരം, 1962-ൽ അടച്ചുപൂട്ടുന്നതുവരെ ഇത് ഒരു ഗവേഷണ കേന്ദ്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം 1996-ൽ സ്റ്റേഷൻ പുനഃസ്ഥാപിക്കുകയും ഒരു മ്യൂസിയമായും പോസ്റ്റ് ഓഫീസായും തുറക്കുകയും ചെയ്തു. അതുകൊണ്ട് അന്റാർട്ടിക് ഉടമ്പടി വ്യവസ്ഥയ്ക്കു കീഴിലുള്ള ഒരു ചരിത്ര സ്ഥലവും സ്മാരകവുമാണ് പോർട്ട് ലോക്ക്റോയ്. ആദ്യകാല പര്യവേക്ഷകരെയും അവരുടെ പര്യവേഷണങ്ങളെയും എടുത്തുകാണിച്ചുകൊണ്ട് അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ ചരിത്രം ഈ മ്യൂസിയത്തിൽ നിന്നും അറിയാൻ സാധിക്കും. ആദ്യകാല അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ വെല്ലുവിളികളെയും വിജയങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന പുരാവസ്തുക്കൾ, ഫോട്ടോഗ്രാഫുകൾ, അങ്ങനെ ഒരു കാലത്തിന്റെ ചരിത്രം മുഴുവൻ ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്.
പോർട്ട് ലോക്ക്‌റോയ് പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്ന ഗൗഡിയർ ദ്വീപ് ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ഒരു പെൻഗ്വിൻ കോളനികൂടിയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിരീക്ഷിക്കാനും അവയുടെ പെരുമാറ്റം, കൂടുണ്ടാക്കുന്ന ശീലങ്ങൾ, ഇടപെടലുകൾ എന്നിവ നേരിട്ട് കണ്ടാസ്വദിക്കാം. പെൻഗ്വിനുകളുടെ ‘വീടിനെ’ ശല്യപ്പെടുത്താതിരിക്കാൻ അവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് ഇവിടെ സന്ദർശനം അനുവദിച്ചിരിക്കുന്നത്. ഭൂമിയുടെ അങ്ങ് ദൂരത്തുള്ള പോസ്റ്റ് ഓഫീസിന്റെ ചരിത്രപരമായ പ്രാധാന്യവും, മ്യൂസിയം പ്രദർശനങ്ങളും, പെൻഗ്വിൻ കോളനികളും, അന്റാർട്ടിക്കയിൽ നിന്ന് ഒരു കത്ത് അയയ്‌ക്കാനുള്ള അവസരവും,ഒരു ഫുൾ പാക്കേജായിരിക്കും ഇങ്ങോട്ടേയ്ക്കുള്ള യാത്ര.
STORY HIGHLLIGHTS : the-antarctica-post-office-worlds-most-remote-post-office