ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ എകെജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കും. പിന്നീട് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിൽ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ മുഖങ്ങളിൽ മുൻനിരയിലുള്ള സീതാറാം യെച്ചൂരി ഓർമകളിൽ എഴുതപ്പെട്ടിരിക്കുന്നു. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ പാർട്ടിക്ക് കരുത്ത് പകർന്നും, മുന്നണികളുടെ രൂപീകരണത്തിലെ ചാലകശക്തിയായും മാറിയ സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് രാജ്യം.
വസന്ത്കുഞ്ചിലെ വീട്ടിൽനിന്ന് ഇന്നു രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 11 മണിമുതൽ വൈകീട്ടു മൂന്നുവരെയാണ് എകെജി സെന്ററിൽ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ വസതിയിൽ നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, സിപിഐ നേതാവ് ഡി. രാജ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.