മഡ്രിഡ്: ഇസ്രയേൽ ബോംബാക്രമണത്തിൽ ഗാസയിൽ ഇന്നലെ 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. അൽ മവാസിയിലെ ഒരു കുടുംബത്തിലെ 5 അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം നിർത്താൻ ഇസ്രയേലിനുമേൽ യുഎസ് സമ്മർദം ചെലുത്തണമെന്ന് ഐക്യരാഷ്ട്രസംഘടന മേധാവി അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മധ്യഗാസയിൽ അഭയകേന്ദ്രമായ സ്കൂളിൽ ബോംബിട്ടതിനെത്തുടർന്ന് യുഎന്നിന്റെ പലസ്തീൻ അഭയാർഥി ഏജൻസിയായ യുഎൻആർഡബ്ല്യൂഎയുടെ 6 ജീവനക്കാർ അടക്കം 18 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ വിവരം ശേഖരിച്ചുവരികയാണെന്ന് യുഎസ് വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാനുള്ള വഴി തേടി സ്പെയിൻ വിളിച്ചുചേർത്ത മന്ത്രിതല സമ്മേളനം മഡ്രഡിൽ ആരംഭിച്ചു. ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കാനുള്ള കൃത്യമായ സമയപരിധിയും മുസ്‌ലിം, യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം തയാറാക്കും. യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസഫ് ബോറൽ, പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ എന്നിവർക്കു പുറമേ നോർവേ, സ്ലോവേനിയ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഇന്തൊനീഷ്യ, നൈജീരിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. ഇസ്രയേൽ പങ്കെടുക്കുന്നില്ല.
മേയ് 28നു സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങൾ ഔദ്യോഗികമായി പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചിരുന്നു. ഇതോടെ 193 അംഗ ഐക്യരാഷ്ട്ര സംഘടനയിൽ 146 രാജ്യങ്ങളും പലസ്തീന് അംഗീകാരം നൽകിയിട്ടുണ്ട്. അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കിൽ കഴിഞ്ഞയാഴ്ച ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്ന തുർക്കി സ്വദേശി ആയിഷനുർ ഇസ്ജിയുടെ (26) മൃതദേഹം ഇന്നലെ ടെൽഅവീവിൽനിന്ന് ഇസ്തംബുളിലെത്തിച്ചു. ആയിഷനുറിന്റെ ജന്മദേശമായ ദിദിമിൽ ഇന്നു കബറടക്കം നടക്കും. കഴിഞ്ഞയാഴ്ച വെസ്റ്റ്ബാങ്കിൽ പലസ്തീൻ പ്രതിഷേധറാലിയിൽ പങ്കെടുക്കുമ്പോഴാണു വെടിയേറ്റത്.