Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

മൊഴി നല്‍കിയവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് എസ്‌ഐടി. ഹേമ കമ്മിറ്റിയ്ക്ക് മുന്‍പില്‍ മൊഴി നല്‍കിയ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് എസ്‌ഐടി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. അതിക്രമം നേരിട്ടവര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുവാന്‍ തയ്യാറാകുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുക. മൊഴി നല്‍കിയവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥമാരാണ് അന്വേഷണം നടത്തുന്നത്.

ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തേക്ക് സാംസ്‌കാരിക വകുപ്പ് ഹേമ കമ്മിറ്റിയുടെ പൂര്‍ണ്ണരൂപം എത്തിച്ചത്. 5000ത്തോളം പേജുണ്ട്. 300റോളം പേജുകള്‍ സംഗ്രഹമാണ്. മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ എല്ലാം സാംസ്‌കാരിക വകുപ്പ് കൈമാറി. വ്യാഴാഴ്ചയാണ് പൊലീസ് ആസ്ഥാനത്തെത്തി സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചിയും ജോയിന്റ് സെക്രട്ടറി സന്തോഷും ചേര്‍ന്ന് റിപ്പോര്‍ട്ട് കൈമാറിയത്. എഡിജിപി ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശ്വന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചുരുന്നു. പിന്നാലെ എസ് ഐടിയുടെ അടിയന്തര യോഗം ചേരുകയും ഏത് തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്തു.

കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഗുരുതര ആരോപണങ്ങളില്‍ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ പഞ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കോടതി നിര്‍ദേശിച്ചതെല്ലാം ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞമാസം 19നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗീകമായി പുറത്തുവിട്ടത്. തൊട്ടുപിന്നാലെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു.