റെയില്‍വേയില്‍ ടിടിഇ ചമഞ്ഞ് ആറുമാസത്തോളം തട്ടിപ്പ് നടത്തിയ യുവതിയെ കുടുക്കിയത് അതിവിദഗ്ദമായി. കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ റംലത്തിന്റെ (42) തട്ടിപ്പാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അതി വിദഗ്ധമായി പിടികൂടിയത്. ഇന്നലെ കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ടിടിഇമാരുടെ സഹായത്തോടെ റെയില്‍വേ പോലീസ് റംലത്തിനെ പിടികൂടിയത്, തുടര്‍ന്ന് കോട്ടയം ആര്‍പിഎഫിന് കൈമാറുകയും ചെയ്തു.
രാജ്യറാണി എക്‌സ്പ്രസില്‍ വനിതകളുടെ കംപാര്‍ട്ട്‌മെന്റിലാണ് റംലത്ത് യാത്ര ചെയ്തത്. കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട രാജ്യറാണി എക്‌സ്പ്രസ് കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വനിതകളുടെ കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറക്കുന്നില്ലെന്ന് യാത്രക്കാര്‍ സ്റ്റേഷനില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് രാജ്യറാണി എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ ചീഫ് ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍, ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ലാല്‍ കുമാര്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ജയചന്ദ്രന്‍ പിള്ള എന്നിവര്‍ വനിതാ കംപാര്‍ട്ട്‌മെന്റിന് പുറത്തെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. കംപാര്‍ട്ട്‌മെന്റിലുള്ള ടിടിഇ ആണ് വാതിലുകള്‍ അടച്ചത് എന്ന് യാത്രക്കാര്‍ പറഞ്ഞു. റെയില്‍വേ സ്‌ക്വാഡ് അംഗങ്ങളാണെന്ന് പറഞ്ഞതോടെ യാത്രക്കാര്‍ വാതില്‍ തുറന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ റംലത്തിന്റെ കള്ളക്കളികള്‍ പുറത്താവുകയായിരുന്നു.
ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തിയ റംലത്ത് ഹോം നേഴ്‌സ് ആയി ജോലി നോക്കി വരികയായിരുന്നു. ആറുമാസം മുന്‍പ് റെയില്‍വേയില്‍ ജോലി ലഭിച്ചു നാട്ടുകാരോട് പറഞ്ഞിരുന്നു. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ടിടിയായി കയറി എന്നു പറഞ്ഞ റംലത്ത് അതിനെ സാധൂകരിക്കാന്‍ വ്യാജ ഐഡി കാര്‍ഡും, യൂണിഫോമും, മറ്റു വിവരങ്ങളും കയ്യില്‍ സൂക്ഷിച്ചിരുന്നു. നാട്ടുകാര്‍ പറയുന്നത് അനുസരിച്ച് എല്ലാ ദിവസവും രാവിലെ ജോലിക്കായി റംലത്ത് പോകുമായിരുന്നു. കൊല്ലം തെങ്കാശി മധുരൈ റൂട്ടിലെ ട്രെയിനിലാണ് ജോലി ചെയ്തിരുന്നതെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു.
വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ റംലത്തിന് കാണുകയും എവിടെയാണ് ജോലി ചെയ്യുന്നത് ചോദിച്ചു. കൊല്ലത്താണ് ഓഫീസെന്നും പാലരുവി എക്‌സ്പ്രസില്‍ ഡ്യൂട്ടി കഴിഞ്ഞ് ഷോര്‍ണൂരിന് പോവുകയാണെന്ന് റംലത്ത് മറുപടി നല്‍കി. കൊല്ലത്ത് ടിടിഇ ഓഫീസ് ഇല്ലെന്ന് അറിയാവുന്ന ഉദ്യോഗസ്ഥര്‍ റംലത്ത് പറഞ്ഞത് കള്ളത്തരമാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും, അത് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് കരുനാഗപ്പള്ളിയില്‍ നിന്ന് കായംകുളത്തേക്ക് വന്നതാണെന്ന് മറ്റൊരു കളവും പറഞ്ഞു. എന്നാല്‍ ഇന്നലെ പോലീസ് പിടികൂടിയപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ വേണ്ടിയാണ് ടിടിഇയായി നടന്നതെന്ന് റംലത്തു പറഞ്ഞു. പോലീസ് അത് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കായംകുളത്ത് നിന്ന് പിടികൂടി റംലത്തിനെ കോട്ടയത്ത് എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാന്‍ഡ് ചെയ്തു.