World

ഇസ്രായേലിലേക്ക് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം; റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

തെൽ അവീവ്: ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്‍. ആക്രമണത്തില്‍ ഇസ്രായേലിലെ പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ജനവാസമില്ലാത്ത സ്ഥലത്താണ് മിസൈൽ പതിച്ചതെന്നും അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേലി സൈന്യം പറയുന്നു. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മിസൈല്‍ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ തുടർന്ന് ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഏകദേശം 23,65,000 പേർ ഇത്തരത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ജൂലൈയിൽ ഹൂതികൾ തെൽ അവീവ് ലക്ഷ്യമാക്കി ഡ്രോണുകൾ തൊടുത്തുവിട്ടിരുന്നു. ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ മാധ്യമങ്ങള്‍ റി​പ്പോർട്ട് ​ചെയ്തിരുന്നു.