Investigation

ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75,000 രൂപയോ ?: വയനാട് ദുരന്തത്തിന് ചെലവാക്കിയ തുകയുടെ കണക്കു കണ്ട് ഞെട്ടി: ഇത് ശരിയാണോ ?(സ്‌പെഷ്യല്‍ സ്‌റ്റോറി)

മറുപടി പറയേണ്ടത് സര്‍ക്കാരാണ്, ദുരന്ത ബാധിതര്‍ക്ക് ചെലവഴിച്ചതിനേക്കാള്‍ തുക വോളന്റിയര്‍മാര്‍ക്കായോ, സഹായിക്കാനെത്തിയവര്‍ക്കു തന്നെ നാണക്കേടാണിത്

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക ചെലവഴിച്ച കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളുടെ സത്യവാങ് മൂലത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ കോപ്പികള്‍ പുറത്തു വന്നിട്ടുണ്ട്. ഈ കണക്കുകള്‍ ശരിയാണോ എന്നതാണ് മലയാളികള്‍ ഇപ്പോള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെലവഴിച്ച ഫണ്ടുകളുടെ വിശദ വിവരങ്ങള്‍ അറിയണണെന്ന് കാണിച്ച് ജെയിംസ് വടക്കന്‍ എന്നയാള്‍ നല്‍കിയ കേസിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ കോപ്പികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. മറക്കാതെ എല്ലാവരും ദുരിതാശ്വാസ നിധിയില്‍ തന്നെ പണം നല്‍കണം കേട്ടോ എന്ന തലക്കെട്ടിലാണ് സോഷ്യല്‍ മീഡിയകളില്‍ പ്രാചരണം നടക്കുന്നത്. ഈ വാര്‍ത്ത ശരിയാണോ എന്നതിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കിയ സാധാരണക്കാര്‍ അടക്കം. പുറത്തുവന്ന സത്യവാങ്മൂലത്തിലെ ചില വിവരങ്ങള്‍ ഇങ്ങനെയാണ്.

359 മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ചെലവായ തുക 2 കോടി 76 ലക്ഷം. ഒരു മൃതദേഹം സംസ്‌ക്കാരിക്കാന്‍ ഒന്നിന് 75,000 രൂപ വെച്ച് എന്ന് സാരം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്‌സിന് യൂസര്‍ കിറ്റ് നല്‍കിയതിനുണ്ടായ ചെലവ് 2 കോടി 98 ലക്ഷം. ബെയ്‌ലി പാലത്തിന്റെ അടിയില്‍ കല്ല് നിരത്തിയതിന് ചെലവ് ഒരു കോടി രൂപ. 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ചിലവ് 7 കോടിരൂപ. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് എയര്‍ ലിഫ്റ്റിംഗ് നടത്താനെത്തിയ ഹെലികോപ്ടറിന്റെ ചാര്‍ജ്ജ് 17 കോടിരൂപ. ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ ഉപയോഗിച്ച വണ്ടികളുടെ ചാര്‍ജ്ജ് 12 കോടിരൂപ.

മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകയില്‍ ചെലവായത് 4 കോടിരൂപയാണ്. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കിയ വകയില്‍ ചെലവായത് 2 കോടിരൂപയും. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ ചെലവാക്കിയത് 15 കോടിരൂപയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മിലിട്ടറി / വോളണ്ടിയര്‍മാര്‍ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചത് 10 കോടിരൂപയും.

ദുരന്ത പ്രദേശത്തെ മണ്ണും പാറയും നീക്കം ചെയ്യാനും മൃതദേഹങ്ങള്‍ കണ്ടെത്താനുമായി ഉപയോഗിച്ച Heavy equipment (JCB, Hitachi, Cranes) എന്നിവക്ക് ചിലവായത് 15 കോടിപയാണെന്നാണ് സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവിനത്തില്‍ വന്ന തുക 8 കോടിരൂപയാണ്. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി ചിലവ് 11 കോടിരൂപയുമാണ്. ഡ്രോണ്‍ റഡാര്‍ വാടക 3 കോടിയായി. ഡിഎന്‍എ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇങ്ങനെ ദുരന്തത്തില്‍ സന്നദ്ധ സേവനം നടത്താനെത്തിയവര്‍ക്കും ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചവര്‍ക്കും നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് പുറത്തു വന്നിരിക്കുന്നത്. ഇത്രയും ധൂര്‍ത്ത് എങ്ങനെ സംഭവിച്ചു എന്നതാണ് ഞെട്ടലോടെ മലയാളികള്‍ ചോദിക്കുന്നത്. ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75,000 രൂപയാവുമെന്ന കണക്ക് എങ്ങനെ വിശ്വസിക്കാനാണ്. വയനാട് ദുരന്ത ബാധിതരെ സഹായിക്കാന്‍ കൈമെയ് മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചവരെ മണ്ടന്‍മാരാക്കിക്കൊണ്ടുള്ള നടപടി ആയേ ഇതിനെ കാണാനാകൂ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച രേഖകള്‍ പൂര്‍ണ്ണമായും പുറത്തുവരും.

അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിവാകുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നവര്‍ കൂടുതലാണ്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മാത്രം ജനാധിപത്യവും ഭരണത്തില്‍ ഏകാധിപത്യവും എന്ന സ്വഭാവത്തിലാണ് സര്‍ക്കാരിന്റെ നീക്കം ഇത് ഭയന്നുകൊണ്ടാണ് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക അയച്ചത്. പക്ഷെ, അതിന്റെ പരിണിത ഫലം ഞെട്ടിക്കുന്നതായിരിക്കുകയാണ്

CONTENT HIGHLIGHTS;Rs 75,000 to cremate a dead body?: Shocked at the amount spent on Wayanad disaster: Is it true? (Special Story)

Latest News