മഹാരാഷ്ട്ര: രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ശിവസേന എംഎൽഎ. രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞു. രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശത്തിന് എതിരെയാണ് പരാമർശം.
“ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ വിദേശത്ത് വെച്ച് സംസാരിച്ചു. കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്താക്കുന്ന പ്രതികരണമായിരുന്നു ഇത്. സംവരണത്തെ എതിർക്കുന്നതിന്റെ മാനസികാവസ്ഥയാണ് ഇത് പ്രകടമാക്കുന്നത്. രാഹുലിന്റെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം പാരിതോഷികം നൽകാം”, ഗെയ്ക്വാദ് പറഞ്ഞു.
അതേസമയം, ഗെയ്ക്വാദിനെ തള്ളി മഹാരാഷ്ട്ര ബി.ജെ.പി. രംഗത്തെത്തി. സംസ്ഥാനത്ത് ശിവസേനയുടെ ഘടകക്ഷിയാണ് ബി.ജെ.പി. ഗെയ്ക്വാദിൻ്റെ അഭിപ്രായങ്ങളെ അംഗീകരിക്കാനാവില്ല. എന്നാൽ, പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നെഹ്റു സംവരണത്തെ എതിർത്തിരുന്നു എന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.