തിരുവനന്തപുരം: ഇടത് എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പി വി അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല. കോൺഗ്രസ് നേതാക്കളെയും തന്നെയും അൻവർ വിരട്ടാൻ നോക്കണ്ട. അതിന് അൻവർ വളർന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പോലും മുഖ വിലക്ക് എടുക്കുന്നില്ല. അതുകൊണ്ടാകും ഇപ്പോൾ മറ്റുള്ളവർക്കെതിരെ തിരിഞ്ഞതെന്നും ഷിയാസ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെ രാഷ്ട്രീയ കേസുകൾ മാത്രമാണുള്ളത്. പി വി അൻവർ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ്. പി വി അൻവർ വെറും കടലാസ് പുലി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവർ ഉയർത്തിയ ആരോപണം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്. നേരത്തെ ഉയർത്തിയ ആരോപണങ്ങളിൽ നടപടി ഇല്ലാത്തത് വസ്തുത ഇല്ലാത്തതു കൊണ്ടാകാം. അൻവർ ചെക്ക് കേസിലെ പ്രതിയാണ്. സർക്കാർ ഭൂമി കയ്യേറിയയാളാണ്. കൊലപാതകത്തിൽ അൻവറിന് പങ്കുണ്ടെന്നു പോലും ആരോപണം ഉയർന്നിരുന്നു. നാവിനു എല്ലില്ലാത്ത ആളാണ് താനെന്ന് പി വി അൻവർ ഓരോ ദിവസവും തെളിയിക്കുകയാണ്. രാഹുൽഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞയാളാണ്.
കുമാരപിള്ള സിൻഡ്രോം ആണ് അൻവറിന്. സന്ദേശം എന്ന സിനിമയിലെ കുമാരപിള്ള സഖാവിന്റെ സിന്‍ഡ്രോം ആണ് ഇപ്പോള്‍ അന്‍വറിനെ ബാധിച്ചിരിക്കുന്നത്. നാട്ടിലെ നല്ലവരായ ആളുകളെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന സിനിമയിലെ കുമാരപിള്ള സഖാവിന്റെ രീതിയാണ് അൻവര്‍ ഇപ്പോള്‍ തുടരുന്നത്. അൻവറിന്റെ വിരട്ടൽ കോൺഗ്രസിനോട് വേണ്ടെന്നും മുഖ്യമന്ത്രിയോട് മതിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
അതേസമയം പാർട്ടി പ്രവർത്തകയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎമ്മിനെപ്പോലെ കോൺഗ്രസിൽ പാർട്ടി കോടതി ഇല്ല. വനിതാ നേതാവ് നിയമപരമായി മുന്നോട്ട് പോയാൽ അതിനു പാർട്ടി പിന്തുണ നൽകും. അങ്ങനെ ഒരു പീഡന പരാതിയും പാർട്ടിയിൽ ഉയർന്നിട്ടില്ല. പരാതിക്കാരിയോട് താൻ നേരിട്ട് സംസാരിച്ചിട്ടുണ്ട്. തീവ്രത അളക്കുന്ന മെഷീൻ ഒന്നും തങ്ങളുടെ പക്കൽ ഇല്ലെന്നും ഷിയാസ് പറഞ്ഞു.