ഗാസ: ഇസ്രായേലിനെതിരെ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ്. ഇപ്പോഴും പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന് ഇസ്രായേലിനെതിരെ ചെറുത്തുനില്ക്കാനുള്ള ശേഷിയുണ്ടെന്ന് മുതിർന്ന ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു.
ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അടുത്തിടെഗാസയില് ഹമാസിന് ഇനി സൈനിക ബലമില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹമാസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
പലസ്തീന് വേണ്ടി 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ജീവത്യാഗം ചെയ്തവരും രക്തസാക്ഷികളും നിരവധിയുണ്ട്. ഇവരിലൂടെ പുതിയ അനുഭവങ്ങളും പുതുതലമുറയ്ക്ക് ആവശ്യമായ പ്രചോദനവുമാണ് ലഭിച്ചത്. ഇതുവഴി ശക്തമായ ചെറുത്തുനില്‍പ്പിന് പുതുതലമുറയെ പ്രാപ്തരാക്കാനായെന്നും ഒസാമ ഹംദാൻ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഇരുഭാഗത്തും വലിയ നാശനഷ്ടമാണ് ഉണ്ടായത്. തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,205 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായി പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ സൈനിക നടപടികളിൽ ഗാസയിൽ 41,206 പേർ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നത്.