വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ കണക്കുകൾ സാമാന്യ യുക്തിക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ വ്യക്തമാക്കി. ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവായെന്ന കണക്കിൽ എന്ത് വിശ്വസ്തതയാണ് ഉള്ളതെന്നും വി ഡി സതീശൻ ചോദിച്ചു. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ലെന്നും ഇങ്ങനെ മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ലെന്നും ശ്രദ്ധയോട് കൂടി മെമ്മോറാണ്ടം തയാറാക്കിയാല്‍ ഇതിനേക്കാള്‍ തുക ന്യായമായി തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത്രയും ആളുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വലിയ തുകയാണ് കണക്കാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ സാമാന്യബുദ്ധിയുള്ള ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു കണക്ക് തയാറാക്കുമെന്ന് കരുതുന്നില്ല. മാത്രമല്ല നിരവധി മൃതശരീരങ്ങള്‍ ബന്ധുക്കള്‍ കൊണ്ടുപോയി സംസ്‌കരിച്ചിട്ടുണ്ട്. ബാക്കിയുള്ള മുഴുവന്‍ മൃതദേഹങ്ങളും സംസ്‌കരിച്ചത് സന്നദ്ധ പ്രവര്‍ത്തകരാണ്. യാഥാർഥ്യം ഇതായിരിക്കെയാണ് ഒരു മൃതദേഹം സംസ്‌കരിക്കാന്‍ സര്‍ക്കാരിന് 75,000 രൂപ ചെലവായെന്ന കള്ളകണക്ക് നല്‍കിയിരിക്കുന്നത്.
വൊളന്റിയര്‍മാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും സന്നദ്ധ പ്രവര്‍ത്തകരുമാണ് ഭക്ഷണം നൽകിയിരുന്നത്. ഓരോ ദിവസവും ചെലവഴിക്കുന്ന പണം വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ആളുകള്‍ക്കിടയില്‍ അവിശ്വാസം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കണക്കുകളാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. പുറത്തു വന്നത് മെമ്മോറാണ്ടം നല്‍കിയതിലെ കണക്കാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. 1600 കോടിയുടെ കണക്കാണ് നല്‍കിയിട്ടുള്ളത്. കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. സര്‍ക്കാരിന് ഇല്ലാത്ത പരാതി പ്രതിപക്ഷം എങ്ങനെ ഉന്നയിക്കുമെന്നും പ്രതിപക്ഷനേതാവ് വി. ഡി സതീശൻ ചോദിച്ചു.
STORY HIGHLIGHT: V D Satheesan against wayanad landslide expense list