Kerala

അധികാരം കവരുന്നു; ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ, അസാധാരണ നീക്കം

ന്യൂഡൽഹി: കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ അസാധാരണ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡിൻ്റെ അധികാരങ്ങൾ കവർന്നെടുക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നുവെന്ന് ഹ‍ർജിയിൽ ആരോപിക്കുന്നുണ്ട്.

ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറെ നിയമിച്ചതിന് എതിരെയാണ് ഹർജി. ദേവസ്വം ബോർഡിൻറെ ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട് തേടി.

നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദിക്കുന്നത്. എന്നാൽ ഭരണഘടനയുടെ 226-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ മാറ്റി എഴുതാനാണ് കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് കുറ്റപ്പെടുത്തുന്നു.