അടിമുടി ദുരൂഹത നിറഞ്ഞതാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. കാരണം, എന്താണ് അവിടെ ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. മഴമുന്നറിയിപ്പുകള്‍ തരുന്നു എന്നതിനപ്പുറം മറ്റെന്താണ് നടക്കുന്നത്. അതിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജോലി ദുരന്ത നിവാരണ അതോറിട്ടി ഏറ്റെടുത്തു എന്നു വേണം മനസ്സിലാക്കാന്‍. നിലവില്‍ വയനാട് ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചിലവഴിച്ച തുകയെന്ന രീതിയില്‍ പുറത്തുവന്ന കണക്കുകള്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി കേന്ദ്രത്തിന് നല്‍കിയ പ്രൊപ്പോസലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരിക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ചതും ഇവരാണ്.
ഇപ്പോള്‍, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ലഭിച്ച തുകയും, ചിലവഴിച്ച തുകയുടെയും കണക്കുകള്‍ സര്‍ക്കാരിന് പ്രസിദ്ധീകരിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. അത് പൊതുജനം അറിയേണ്ട കണക്കുമാണ്. വയനാട്ടിലെ ദുരിത ബാധിതര്‍ക്കു വേണ്ടി സാലറി ചലഞ്ചും, സന്നദ്ധരായവരില്‍ നിന്നും കളക്ട് ചെയ്ത തുക എത്രയാണ് ചെലവാക്കിയിട്ടുള്ളതെന്ന് അറിയേണ്ട കാര്യമാണ്. ഇങ്ങനെ സംസ്ഥാനത്തുണ്ടാകുന്ന ഓരോ ദുരന്തത്തിലും ദുരന്ത നിവാരണ അതോറിട്ടിയുടെ ഇടപെടലുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. എന്താണ് ദുരന്ത നിവാരണ അതോറിട്ടിയുടെ ഉത്തരവാദിത്വം എന്നതില്‍ നിന്നും അധികൃതര്‍ ഒളിച്ചോടുകയാണോ എന്നും സംശയിക്കണം.
ഇതു പറയാന്‍ കാരണം, ദുരന്ത നിവാരണ അതോറിട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുമ്പോള്‍ മനസ്സിലാകും. കൃത്യമായ പ്രവര്‍ത്തനങ്ങളോ, അപ്ഡേഷനുകളോ നടത്താതെ(അതും ബോധപൂര്‍വ്വം), വളരെ ലാഘവത്തോടെയാണ് ഇടപെട്ടിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ കഴിയും. 2007ലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സ്ഥാപിതമാകുന്നത്. 2005ലെ ദേശീയ ദുരന്ത നിവാരണ അതോറിട്ടി നിയമപ്രകാരമാണിത്. സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകള്‍ നിര്‍ണയിക്കുക, വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍.
ഇതുകൂടാതെ അതതു ജില്ലകളില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്. പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യജന്യ അപകടങ്ങള്‍, മാരകമായ പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെ ദുരന്തങ്ങളെ വര്‍ഗീകരിച്ച് ഇവയുടെ ആഘാതം കുറയ്ക്കുക, ജീവനഷ്ടവും സാമ്പത്തികനഷ്ടവും ലഘൂകരിക്കുക, ദുരന്തത്തിനിരയാകുന്നവര്‍ക്ക് സഹായമെത്തിക്കുക, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങളാണ്. എന്നാല്‍, ഒരു ലക്ഷ്യവുമില്ലാത്ത യാത്രയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ദുരന്തത്തിന്റെ പേരില്‍ കേന്ദ്രത്തില്‍ നിന്നു കിട്ടുന്ന ഫണ്ടും, മറ്റിടങ്ങളില്‍ നിന്നും പിരിക്കുന്ന പണവുമൊക്കെയായി ഇതിന്റെ ലക്ഷ്യം മാറിയോ എന്നു സംശയിച്ചാല്‍ തെറ്റു പറയാനൊക്കില്ല. കാരണം, ഇപ്പോഴുണ്ടായിരിക്കുന്ന വിഷയവും ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന തുകയുടെ പ്രൊപ്പോസലിനെ ചൊല്ലിയാണ്.
അതോറിട്ടിയുടെ 2020 മുതലുള്ള വാര്‍ഷിക റിപ്പോര്‍ട്ട് എവിടെ ?
വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റിലൂടെ പബ്ലിഷ് ചെയ്യുന്നത്, പൊതുജനങ്ങള്‍ക്ക് അറിയാന്‍ വേണ്ടിക്കൂടിയാണ്. മാത്രമല്ല, അതോറിട്ടി ഓരോ വര്‍ഷവും സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെയും, അതോറിട്ടിയുടെ മെമ്മോറാണ്ടങ്ങള് വഴി ലഭിച്ച കേന്ദ്ര സഹായവും, അത് നല്‍കിയിട്ടുള്ളവരുടെ കണക്കുകളും, സംസ്ഥാനത്തുണ്ടായ പ്രകൃതി-മനഷ്യ നിര്‍മ്മിത ദുരന്തങ്ങളുടെയും, നാശനഷ്ടങ്ങള്‍ -മരണം എന്നിവയുടെയും ആകെത്തുക വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ടാകും. എന്നാല്‍, 202 മുതല്‍ നാല് വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ വെബ്‌സൈറ്റില്‍ ഇല്ല. 20015-16 വാര്‍ഷിക റിപ്പോര്‍ട്ട്, 2016-17 റിപ്പോര്‍ട്ട്, 2017-18 റിപ്പോര്‍ട്ട്, 2018-19 വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ മാത്രമേയുള്ളൂ.
അതായത്, 2018ലെ മഹാ പ്രളയത്തിനു ശേഷമുണ്ടായ 2019ലെ പ്രളയത്തിനു ശേഷം വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. അഥവാ തയ്യറാക്കിയിട്ടുണ്ടെങ്കില്‍, ആ റിപ്പോര്‍ട്ട് പൊതുജനങ്ങളില്‍ നിന്നും മറച്ചുപിടിച്ചു. എന്തുകൊണ്ടാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കാത്തത്. ഇതില്‍ മറച്ചുപിടിക്കാന്‍ എന്താണുള്ളത്. ജനങ്ങള്‍ക്കു വേണ്ടിയാണ് ദുരന്ത നിവാരണ അതോറിട്ടി പ്രവര്‍ത്തിക്കുന്നതെങ്കില്‍, അതിന്റെ പ്രവര്‍ത്തനവും സുതാര്യമാകണം. അല്ലാതെ എന്താണ് ചെയ്യുന്നതെന്നു പോലും ദുരൂഹമാക്കുന്നത് മഹാ ദുരന്തമാണ്. ദുരന്ത നിവാരണ അതോറിട്ടിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇതല്ലാതെ ജനങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല എന്നതു കൊണ്ട് വെബ്‌സൈറ്റില്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസീദ്ധീകരിക്കുകയാണ് വേണ്ടത്. വീഴ്ച വരുത്തിയതിന്റെ പിടയും പിഴയും അതോറിട്ടി അധികൃതര്‍ അര്‍ഹിക്കുന്നുണ്ട്.
2019നു ശേഷം കേന്ദ്രത്തിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടില്ലേ ?
2019ലുണ്ടായ പ്രളത്തിലെ നാശനഷ്ടം കണക്കാക്കിയ കേന്ദ്രത്തിന് പ്രൊപ്പോസല്‍ സമര്പ്പിച്ചിരുന്നു. അതിന് കേന്ദ്ര ഫണ്ടും ലഭിച്ചിരുന്നുവെന്നാണ് അറിവ്. സംസ്ഥാനം ആവശ്യപ്പെട്ട അത്രയും തുക കേന്ദ്രം അനുവദിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തമ്മില്‍ വാക്കു തര്‍ക്കങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു എന്നാല്‍, 2019നു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷവും കേന്ദ്രത്തിന് ഒരു മെമ്മോറാണ്ടം പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് വെബ്‌സൈറ്റില്‍ നിന്നും മനസ്സിലാകുന്നത്. 2019 ഓഗസ്റ്റ് ഒന്നിനാണ് അവസാനമായി േെമ്മാറാണ്ടം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, 2012 മുതല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. 15 മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ഏറ്റവും ഒടുവില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വെബ്‌സൈറ്റില്‍ ലഭ്യമല്ല. മാധ്യമങ്ങള്‍ക്ക് ഈ വിവരം ലഭിക്കുന്നത്, കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയില്‍ നിന്നുമാണ്. അതുകൊണ്ടാണ്, സംസ്ഥാനം ചെലവഴിച്ച തുക എന്ന തരത്തില് വാര്‍ത്ത കൊടുത്തത്. ഇത് മുഖ്യമന്ത്രിയുടം ഓഫീസ് ഔദ്യോഗികമായി അറിയച്ചതോടെയാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ മെമ്മോറാണ്ടത്തിലെ കണക്കുകള്‍ എന്നു മനസിലാക്കിയത്. അഥോറിട്ടിയുടെ വെബ്‌സൈറ്റില്‍ ആ കണക്കുകള്‍ ലഭ്യാമായിരുന്നുവെങ്കില്‍ ഈങ്ങനെയൊരു ആശയക്കുഴം ഉണ്ടാകുമായിരുന്നില്ല.
2024 കാലവര്‍ഷ-തുലാ വര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗരേഖയുടെ പ്രസക്തി എന്ത് ?
മഴക്കാലത്ത് ദുരന്തമുണ്ടാകാതിരിക്കാനും, അഥവാ ദുരന്തമുണ്ടായാല്‍ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുമുള്ള മുന്നൊരുക്കങ്ങള്‍ നടത്താനാണ് ദുരന്ത നിവാരണ അതോറിട്ടി : കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാരിനു നല്‍കുന്നത്. ഈ മാര്‍ഗ രേഖയില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മാപ്പുകള്‍ എന്നിവയുമുണ്ട്. നേരത്തെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലങ്ങള്‍ എന്നിവയും അടയാളപ്പെടുത്തിയിട്ടുണ്ട്.
ഈ ഓറഞ്ച് ബുക്ക് വളരെ നേരത്തെ പ്രസിദ്ധീകരിച്ചിട്ടും, വെബ്‌സൈറ്റില്‍ ഇത് പബ്ലിഷ് ചെയ്തിട്ടും വയനാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായില്ല. ദുരന്ത നിവാരണ അതോറിട്ടി, അഴരുടെ ജോലി തീര്‍ക്കാനെന്ന വണ്ണം മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാനു നല്‍കി ജോലി തീര്‍ത്തു. എന്നാല്‍, അതതു ജില്ലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങളൊന്നും മാര്‍ഗരേഖ പ്രകാരം ചെയ്തിട്ടില്ലെന്നതിന്റെ വലിയ തെളിവാണ് വയനാട് ദുരന്തവും, അതില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണവും. എന്തിനാണ് ഇങ്ങനെയൊരു മാര്‍ഗരേഖ തയ്യാറാക്കി നല്‍കുന്നത്. ആരാണ് ഇത് നടപ്പാക്കേണ്ടത്. ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം.
ഇങ്ങനെ ജനങ്ങളില്‍ നിന്നും അകലെ നില്‍ക്കുന്ന ദുരന്ത നിവാരണ അതോറിട്ടിയെ കുറിച്ചുള്ള ദുരൂഹതകള്‍ നീക്കേണ്ടത്, അധികൃതരാണ്. ദുരന്തം ഉണ്ടാകുമ്പോള്‍ അതില്‍ മരിക്കുന്നത്, ജനങ്ങളാണ്. അപ്പോള്‍ ദുരന്തത്തെ കുറിച്ചും, അതിന്റെ തീവ്രത, അതിന്റെ ആഘാതം എന്നിതനെ കുറിച്ചൊക്കെ പറഞ്ഞുകൊടുക്കേണ്ടത് ദുരന്ത നിവാരണ അതോറിട്ടിയാണ്. ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കേണ്ട വകുപ്പ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല ഇതിന്റെ പ്രവര്‍ത്തനമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
CONTENT HIGHLIGHTS; Tragedy!! Is your name State Disaster Management Authority? (Exclusive)