കൊച്ചി: ഓണത്തോടനുബന്ധിച്ച് അത്തം മുതൽ തിരുവോണം വരെ മിൽമ എറണാകുളം മേഖല യൂണിയന്‍റെ കീഴിലുള്ള എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലായി 56 ലക്ഷം ലിറ്റര്‍ പാലും,3.53 ലക്ഷം കിലോഗ്രാം തൈരും വിൽപ്പന നടത്തിയതായി മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തൈര് വിൽപ്പനയിലും, ഐസ്ക്രീം, പേഡ, പനീര്‍, വിവിധയിനം പായസക്കൂട്ടുകള്‍ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
200 ടണ്‍ നെയ്യ് ഓണമാസത്തിൽ വില്പ്പന നടത്തിയ മേഖലാ യൂണിയന്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ദ്ധനവാണ് കൈവരിച്ചത്. ഉത്രാടദിനത്തിൽ 10.56 ലക്ഷം ലിറ്റര്‍ പാലും, 88,266 കിലോ തൈരും വിൽപ്പന നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാൽ വിൽപ്പനയി 3.06 ശതമാനവും, തൈരിൽ 7.40 ശതമാനവും വര്‍ദ്ധനവുണ്ടായി. ഇതിനു പുറമെ സിവിൽ സപ്ലൈസ് കോര്‍പറേഷന്‍ വിതരണത്തിനായി ആവശ്യപ്പെട്ട 1,62,000 ബോട്ടിൽ നെയ്യും, 1,62,000 പാക്കറ്റ് പായസം മിക്സും സമയബന്ധിതമായി വിതരണം ചെയ്തു.
ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായ മിൽമയോടുള്ള കര്‍ഷകരുടെയും, ഏജന്‍റുമാര്‍, കാറ്ററിംഗ് അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍, കമ്പനിയുടെ സംഭരണം, സംസ്കരണം തുടങ്ങി വിതരണം വരെയുള്ള വിവിധ മേഖലകളിൽ പ്രയത്നിച്ച ജീവനക്കാരുടെയും സര്‍വ്വോപരി മാന്യ ഉപഭോക്താക്കളുടെയും അകമഴിഞ്ഞ സഹകരണമാണ് ഈ നേട്ടം കൈവരിക്കുന്നതിൽ മിൽമ എറണാകുളം മേഖലാ യൂണിയനെ പ്രാപ്തമാക്കിയതെന്ന് എം.ടി.ജയന്‍ പറഞ്ഞു.