India

“പേരിലെ പെരുമ” യുമായി രാജ്യതലസ്ഥാനം ഇനി ഭരിക്കുന്നത് ഈ റാണി: ആരാണ് അതീഷി മാര്‍ലെന ?; മാര്‍ക്‌സും ലെനിനും എത്തുന്നത് ഇങ്ങനെ

ക്രിസ്തുമത വിശ്വാസിയായ വിദേശിയെന്ന് ബി.ജെ.പിയും ഇടതുപക്ഷ പ്രവര്‍ത്തകയെന്ന് കോണ്‍ഗ്രസും മുദ്രകുത്തി, ഇതിനു പിന്നാലെ മാര്‍ലെന എന്ന പേര് അതിഷി ഒഴിവാക്കി

ഡെല്‍ഹിയിലെ രാഷ്ട്രീയ കളിക്കളത്തില്‍ പുതിയൊരു പേരിനു കൂടി പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനത്തെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയെന്ന ഖ്യാതിയോടെ ചരിത്രത്തിന്റെ ഭാഗമാവുകയാണ് അതീഷി സിംഗ്. അരവിന്ദ് കെജരിവാളാണ് തന്റെ പിന്‍ഗാമിയായി അതീഷി സിംഗിനെ തെരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ നാവും ആത്മാവുമൊക്കെയാണ് അതീഷി സിംഗ് ഇപ്പോള്‍. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രി പദം രാജിവെച്ചപ്പോള്‍ മാറ്റൊരു പേരും കെജരിവാളിന് മുമ്പിലേക്ക് എത്താതിരുന്നതും. അതീഷി സിംഗിന്റെ പേര് ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു വരെ മറ്റൊന്നായിരുന്നു. ആ പേര് ‘അതീഷി മാര്‍ലെന’ എന്നാണ്. ഈ പേരിനു പിന്നില്‍ ഒരു കഥയുണ്ട്. ഈ പേര് മാറ്റാനും ഒരു കാരണമുണ്ട്.

ആരാണ് അതീഷി മാര്‍ലെന ?

ഝാന്‍സിയിലെ റാണിയാണ് ആം ആദ്മി പാര്‍ട്ടിക്ക് അതിഷി മാര്‍ലെന എന്ന അതീഷി മാര്‍ലേന. സമ്പന്നരും പാവപ്പെട്ടവരും അടങ്ങുന്ന രണ്ട് വിഭാഗക്കാര്‍ മാത്രമാണ് ലോകത്ത് ഉള്ളതെന്ന് വിശ്വസിച്ച രണ്ടുവിശ്വപ്രഖ്യാതരായവരുടെ പേരുകളില്‍ നിന്നാണ് ആ പേര് ഉത്ഭവിച്ചത്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരായ ‘കാള്‍ മാര്‍ക്‌സിലെ ‘മാര്‍’ ഉം, വ്‌ളാദിമിര്‍ ലെനിനിലെ ‘ലെന’യുമാണ് പേരിന് പിന്നില്‍’. ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍മാരായ അതീഷിയുടെ മാതാപിതാക്കള്‍ വിജയ് കുമാര്‍ സിംഗും, ത്രിപ്ത വാഹിയുമാണ് അതീഷിയ്ക്ക് ഇത്തരത്തില്‍ ഒരു പേര് ഇട്ടതിനു പിന്നില്‍. ഇടതുപക്ഷ പ്രവര്‍ത്തകരും സഹയാത്രികരുമായിരുന്നു ഇവര്‍. മാര്‍ക്‌സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് മകളുടെ പേരിനൊപ്പം ഇവര്‍ മാര്‍ലെന എന്നു കൂടി ചേര്‍ത്തത്.

1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ ജനിച്ച അതിഷി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്പ്രിങ്‌ഡെയ്ല്‍ സ്‌കൂളില്‍ നിന്നാണ്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദം. ബിരുദം സ്വന്തമാക്കിയ അവര്‍ നേരെ പോയത് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശയിലേക്ക്. 2003ല്‍ ഉന്നത നിലയില്‍ ബിരുദാനന്തര ബിരുദം. ഓക്‌സ്‌ഫോര്‍ഡിലും തിരിച്ച് ഇന്ത്യയിലെത്തി റിഷിവാലി സ്‌കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ശേഷം സുഖവും സൗകര്യവും ആഡംബരവും നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് അതീഷി സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി.

മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം ഒരു കൊച്ചുഗ്രാമത്തില്‍ ജൈവകൃഷിയുമായി തുടക്കം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കണ്ണില്‍പ്പെട്ട അതീഷി ഡല്‍ഹിയില്‍ എത്തിയത് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായി. നിര്‍ഭയ സംഭവത്തില്‍ ഉള്‍പ്പെടെ അധികാര ശക്തികള്‍ക്കെതിരെ രൂക്ഷമായ പൗരത്വ പ്രക്ഷോഭത്തിലെ അംഗമായി. ആം ആദ്മി പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമായ അതീഷി ഡല്‍ഹിയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

മാത്രമല്ല, രാജ്യതലസ്ഥാനത്തെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലായിരുന്നു അതീഷിയുടെ പ്രവര്‍ത്തനങ്ങള്‍. എ.എ.പി വക്താവായും ഉപദേശകയായുമെല്ലാം പ്രവര്‍ത്തിച്ച ശേഷമാണ് 37-ാം വയസില്‍ അതീഷി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഗൗതം ഗംഭീറും കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിങ് ലൗവ്‌ലിയുമായിരുന്നു എതിരാളികള്‍.

പേരിലെ രാഷ്ട്രീയം

ലോക്‌സഭാ തിരഞ്ഞെടുപ്പ്, രാജ്യതലസ്ഥാനത്ത് മനീഷ് സിസോദിയയുടെ കീഴില്‍ വിദ്യാഭ്യാസ വിപ്ലവം തീര്‍ക്കുന്ന അതീഷിയെ അല്ലാതെ മറ്റൊരു ഓപ്ഷന്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉടനീളം അതീഷി മാര്‍ലെന എന്ന പേരിനെച്ചൊല്ലിയുള്ള വിവാദമായിരുന്നു ഉടലെടുത്തത്. ക്രിസ്തുമത വിശ്വാസിയായ വിദേശിയെന്ന് ബി.ജെ.പിയും ഇടതുപക്ഷ പ്രവര്‍ത്തകയെന്ന് കോണ്‍ഗ്രസും മുദ്രകുത്തി. മാര്‍ലെന എന്ന പേര് ഭാരതതീയരുടേതല്ല എന്ന ആരോപണം വേറെയും. ഇതിനു പിന്നാലെ മാര്‍ലെന എന്ന പേര് അതിഷി ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പേരിനൊപ്പമുണ്ടായിരുന്ന മാര്‍ക്‌സിനെയും ലെനിനെയും ഒഴിവാക്കി സിംഗ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. മാര്‍ലെന എന്ന പേര് ഭാരതീയമല്ല എന്ന ആരോപണം വസ്തുതയാണ്. എന്നാല്‍, പേര് തെറ്റിധാരണയ്ക്ക് ഇടയാക്കുകയും അതീഷി വിദേശിയാണെന്ന പ്രചാരണം വ്യാപകമാകുകയും ചെയ്തപ്പോള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

‘ അതിഷിയുടെ മതത്തെക്കുറിച്ചു കോണ്‍ഗ്രസും ബിജെപിയും അസത്യം പ്രചരിപ്പിക്കുന്നതില്‍ ഏറെ ആശങ്കയുണ്ട്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരേ, നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ഥിയുടെ മുഴുവന്‍ പേര് അതിഷി സിങ് എന്നാണ്. ഒരു രജപുത്ര വനിത. ഝാന്‍സിയിലെ റാണി. അവര്‍ ജയിക്കും പുതിയ ചരിത്രം സൃഷ്ടിക്കും’ എന്നായിരുന്നു.

മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയ അറസ്റ്റിലായി മന്ത്രിസ്ഥാനവും രാജിവച്ചതിനു പിന്നാലെയാണ് അതീഷി കെജരിവാള്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്. മൊഹല്ല ക്ലിനിക്കുകള്‍ പോലെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളാണ് എഎപിക്ക് ഡല്‍ഹിയില്‍ തുടര്‍ഭരണം നേടിക്കൊടുത്തത്. അതിന് അണിയറയില്‍ ചുക്കാന്‍ പിടിച്ചത് അതാഷിയാണ്. സിസോദിയയുടെ പിന്നിലായി അണിയറയിലായിരുന്നു അതുവരെയും അതീഷി. പക്വതയാര്‍ന്ന സംസാരശൈലി, ഏവരേയും ആകര്‍ഷിക്കുന്ന പെരുമാറ്റം, രാഷ്ട്രീയ പ്രവര്‍ത്തക എന്നതിനേക്കാള്‍ കൂടുതലായി അതീഷിക്ക് ചേരുക വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭ എന്നതാകും. സാധാരണക്കാരുടെ ‘സേവക’എന്നും അതീഷിയെ വിളിക്കുന്നവരുണ്ട്.

അതീഷിയോടുള്ള എതിര്‍പ്പ്

ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാര്‍ലെനയെ പ്രഖ്യാപിച്ചതില്‍ കടുത്ത വിയോജിപ്പ് അറിയിച്ച് AAP’യുടെ തന്നെ രാജ്യസഭാ എംപി സ്വാതി മലിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. അതീഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കടുത്ത അതൃപ്തി സ്വാതി മലിവാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. അതീഷിയെ ”ഡമ്മി മുഖ്യമന്ത്രി” എന്ന് വിശേഷിപ്പിച്ച സ്വാതി മലിവാള്‍ ഡല്‍ഹിയുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി ഭീകരന്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതില്‍ നിന്ന് രക്ഷിക്കാന്‍ അതീഷിയുടെ മാതാപിതാക്കള്‍ പ്രസിഡന്റിന് ദയാഹര്‍ജി എഴുതിയിരുന്നു. അതിഷിയുടെ മാതാപിതാക്കള്‍ എഴുതിയ കത്തും അവര്‍ പറത്തു വിട്ടു.

സ്വാതി മലിവാളിന്റെ പേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

”ഇന്ന് ഡല്‍ഹിക്ക് വളരെ സങ്കടകരമായ ദിവസമാണ്. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാതിരിക്കാന്‍ നീണ്ട പോരാട്ടം നടത്തിയ കുടുംബത്തില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ഡല്‍ഹിയിലെ മുഖ്യമ ന്ത്രിയാകുന്നത്. ഭീകരന്‍ അഫ്സല്‍ ഗു രുവിനെ രക്ഷിക്കാന്‍ അവളുടെ മാതാപി താക്കള്‍ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് ദയാഹര്‍ജി എഴുതി. അവരുടെ അഭിപ്രാ യത്തില്‍ അഫ്‌സല്‍ ഗുരു നിരപരാധി ആയിരുന്നു. രാഷ്ട്രീയ ഗൂഢാലോചന യുടെ ഭാഗമായി അഫ്‌സല്‍ ഗുരുവിനെ കുടുക്കിയതാണെനന്നായിരുന്നു അവരുടെ വാദം. അതിഷി മര്‍ലീന വെറും ഒരു ‘ഡമ്മി മുഖ്യമന്ത്രി’ ആണെങ്കിലും, ഈ വിഷയം രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം ഡല്‍ഹിയെ സംരക്ഷിക്കട്ടെ!” ഇതായിരുന്നു സ്വാതി മലിവാളിന്റെ കുറിപ്പ്.

 

CONTENT HIGHLIGHTS;This queen now rules the nation’s capital with “peruma in the name”: Who is Atishi Marlena?; This is how Marx and Lenin reached Delhi