കൊച്ചി: മലേഷ്യയിലെ സെപാങ് സര്‍ക്യൂട്ടില്‍ നടന്ന 2024 എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ടില്‍ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റൈഡര്‍മാര്‍. ഏഷ്യാ പ്രൊഡക്ഷന്‍ 250 സിസി വിഭാഗത്തില്‍ ചെന്നൈ സ്വദേശി കാവിന് ക്വിന്റല്‍ 16ാംസ്ഥാനത്തും, സഹതാരം മൊഹ്സിന്‍ പറമ്പന്‍ 23ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 18ാം പൊസിഷനില്‍ നിന്നാണ് കാവിന് മത്സരം ആരംഭിച്ചത്. കടുത്ത മത്സരവും പ്രതികൂല കാലാവസ്ഥയും തരണം ചെയ്ത് 16ാം സ്ഥാനത്തേക്ക് മുന്നേറിയ താരം, ആകെ 20:02.086 സമയത്തിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഗ്രിഡില്‍ 21ാം സ്ഥാനത്ത് നിന്നായിരുന്നു മലയാളി താരം മൊഹ്സിന്റെ റേസ് ആരംഭിച്ചത്. 20:25.709 സമയത്തിലായിരുന്നു ഫിനിഷിങ്. അഞ്ചാം റൗണ്ടിന്റെ ആദ്യ റേസില്‍ കാവിന് ക്വിന്റല്‍ ഒരു പോയിന്റ് നേടിയിരുന്നു. രണ്ടാം റേസില്‍ ഇരു താരങ്ങള്‍ക്കും പോയിന്റ് സ്വന്തമാക്കാനായില്ല.
മികച്ച തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെങ്കിലും, അവസാന റേസില്‍ നിര്‍ഭാഗ്യവശാല്‍ പോയിന്റുകളൊന്നും നേടാനായില്ലെന്ന് മത്സരശേഷം ഹോണ്ട റേസിങ് ടീമംഗം കാവിന് ക്വിന്റല്‍ പറഞ്ഞു. അവസാന റൗണ്ട് മുന്നിലുള്ളതിനാല്‍, ടീമിനായി മികച്ച പോയിന്റ് നേടുമെന്നതില്‍ ഞങ്ങള്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരവും കാലാവസ്ഥയും പ്രതികൂലമായതിനാല്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കുക എന്നതിലായിരുന്നു ഞങ്ങളുടെ പ്രാഥമിക ശ്രദ്ധയെന്ന് സഹതാരം മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു. ഈ റൗണ്ട് ഞങ്ങള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ നല്കി, അത് അവസാന റൗണ്ടിന് കൂടുതല്‍ നന്നായി തയ്യാറെടുക്കാന്‍ ഞങ്ങളെ സഹായിക്കുമെന്നും താരം പറഞ്ഞു.
സീസണില്‍ ആകെ 13 പോയിന്റോടെയാണ് ടീം അഞ്ചാം റൗണ്ട് അവസാനിപ്പിച്ചത്. 2024 ഡിസംബറില്‍ തായ്ലാന്ഡിലാണ് സീസണിലെ അവസാന റൗണ്ട് അരങ്ങേറുക.