ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള നീക്കത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് ജനാധിപത്യത്തെ ഊര്‍ജ്ജസ്വലമാക്കുന്നതും എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കുന്നതുമായ സുപ്രധാനമായ ചുവടുവെപ്പാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ബുധനാഴ്ചയാണ് ഒറ്റത്തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
‘തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് സംബന്ധിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഇതിനായി പരിശ്രമിക്കുകയും വിവിധതലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയും ചെയ്ത മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഞാന്‍ അഭിനന്ദിക്കുന്നു.നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്.’ -മോദി എക്‌സില്‍ കുറിച്ചു.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തിരഞ്ഞെടുപ്പു നടത്തുമ്പോൾ, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.