അമരാവതി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവ് ചുടണമെന്ന പരാമര്‍ശം നടത്തിയ ബിജെപി രാജ്യസഭാ എംപി അനില്‍ ബോണ്ടെയ്‌ക്കെതിരെ കേസ്. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് എം.പി അനിൽ ബോണ്ടെക്കെതിരെ അമരാവതിയിലെ രാജപേട്ട് പൊലീസ് കേസെടുത്തത്.
എഫ്‌ഐആര്‍ ചുമത്തിയതിന് പിന്നാലെ അമേരിക്കയിലെ സര്‍വകലാശാലയില്‍ സംവരണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തില്‍ കേസെടുക്കണമെന്ന് അനില്‍ ബോണ്ടെ ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരായ ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി ഈ ആവശ്യം ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുലിന്‍റെ നാവ് ചുടണമെന്നും സംവരണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശം അപകടകരമാണെന്നും ഭൂരിപക്ഷ സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ബോണ്ടെ പറഞ്ഞിരുന്നു. വിവാദ പരാമർശത്തിൽ എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് അമരാവതി എം.പി ബൽവന്ത് വാംഖണ്ഡെ, എം.എൽ.എ യശോമതി ഠാക്കൂർ, മുൻ മന്ത്രി സുനിൽ ദേശ്മുഖ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത പ്രകാരം 192, 351, 356 എന്നീ വകുപ്പുകള്‍ പ്രകാരം രാജ്പത് പൊലീസ് സ്റ്റേഷന്‍ ബോണ്ടെയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ നാവ് അറുക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരുന്നു. ബല്‍ദാന പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോംബെ നേവല്‍ ആന്‍ഡ് ഹാര്‍ബര്‍ പൊലീസ് ആക്ട് പ്രകാരം 351(2), 351(4), 192, 351(3) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.