ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ വ്യാമാക്രമണം. തെക്കൻ ലെബനനിലാണ് ഇസ്രയേൽ വിമാനങ്ങൾ ബോംബാക്രമണം നടത്തിയത്. പേജർ വാക്കി ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ബോംബാക്രമണം നടത്തിയത്. 20 പേരാണ് വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരിച്ചത്.
പേജർ ആക്രമണത്തിനു പിറ്റേന്നാണ് ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് വാക്കി ടോക്കി സ്ഫോടനങ്ങൾ ഉണ്ടായത്. ലബനനിലുടനീളം ഹിസ്ബുള്ളകളുടെ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു.
കാറുകളിലും വീടുകളിലുമാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്. മൃതസംസ്കാരച്ചടങ്ങിലും സ്ഫോടനമുണ്ടായി. തലസ്ഥാനമായ ബെയ്റൂട്ടിൽ ഒട്ടേറെ സ്ഫോടനങ്ങളുണ്ടാവുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, പേജർ ആക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് ഹിസ്ബുള്ള മേധാവി ഹസ്സൻ നസറള്ളയും രംഗത്തെത്തി. ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയെങ്കിലും മുട്ടുമടക്കില്ലെന്ന് ഹസ്സൻ നസറള്ള പ്രതികരിച്ചു. ഇസ്രയേൽ എല്ലാ അതിർവരമ്പുകളും ലംഘിച്ചെന്ന് ഹസ്സൻ നസറള്ള പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പ്രഖ്യാപനം. ലെബനനിൽ ഹിസ്ബുല്ലയുടെ വിവിധ ആശയവിനിമയ സംവിധാനങ്ങൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 37 ആയി.
രണ്ട് ദിവസം മുമ്പാണ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. 12 പേർ കൊല്ലപ്പെട്ടു. മൂവായിരത്തോളം പേർക്ക് പരുക്കേറ്റു. അഞ്ച് മാസം മുമ്പ് തായ്വാനിലെ ഗോൾഡ് അപ്പോളോ കമ്പനിയിൽ ഹിസ്ബുള്ള 5000 പേജറുകൾക്ക് ഓർഡർ നൽകിയെന്നും ഇത് ഇസ്രയേൽ ചാര സംഘടന മൊസാദ് മണത്തറിഞ്ഞെന്നുമാണ് അനുമാനം. ഹംഗറിയിലെ മറ്റൊരു കമ്പനിയിലാണ് പേജറുകൾ നിർമിച്ചത്. നിർമാണ സമയത്ത് തന്നെ ഇസ്രയേൽ ഏജന്റുമാർ പേജറുകളിൽ മൂന്ന് ഗ്രാം സ്ഫോടക വസ്തു ഒളിപ്പിച്ചു. ഏതെങ്കിലും ഘട്ടത്തിൽ ഹിസ്ബുള്ളയുമായി തുറന്ന യുദ്ധത്തിലേക്ക് കടന്നാൽ പ്രയോഗിക്കാനുള്ള മുൻകരുതലായിരുന്നു ഇത്. എന്നാൽ ഹിസ്ബുള്ളയിലെ ചിലർക്ക് സംശയമുള്ളതായി വിവരം ലഭിച്ചതോടെ ഇലക്ട്രോണിക് ആക്രമണം ഇസ്രയേൽ നേരത്തെ ആക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്.