ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന പൗരാണിക നഗര മറീന ബീച്ചും, ചെമ്മൊഴി പൂങ്കയും അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കും പുലിക്കോട്ട് തടാകവും കപാലീശ്വര ക്ഷേത്രവും ബ്രീസി ബീച്ചും നാഷണൽ ആർട്ട് ഗാലറിയും എന്നുവേണ്ട സഞ്ചാരികൾക്ക് പ്രിയമുള്ള സകലതും ചെന്നൈയിലുണ്ട്. ഈ പറഞ്ഞതെല്ലാം കണ്ടിറങ്ങിയാലും മദ്രാസ് ക്രോക്കഡൈൽ ബാങ്ക് സന്ദർശിക്കാത്ത ചെന്നൈ യാത്രകൾ അപൂർണമാണെന്ന് പറയേണ്ടി വരും. പരിസ്ഥിതിയെയും വന്യജീവികളെയും കുറിച്ച് ചിന്തിച്ച കുറച്ചു മനുഷ്യരുടെ പങ്കാളിത്തമാണ് ഈ മുതല സംരക്ഷണ കേന്ദ്രത്തിന്റെ പിറവിക്ക് പിന്നിൽ.
1970 കളുടെ തുടക്കത്തിൽ ഇന്ത്യയിലെ മുതലകളുടെ എണ്ണത്തിൽ വളരെയധികം കുറവുണ്ടാകുകയും മുതലകളുടെ വംശനാശത്തിന് കാരണമാകുകയും ചെയ്തു. 1972ൽ സർക്കാർ, മുതലകളിലെ വംശനാശഭീഷണി നേരിടുന്ന മൂന്ന് വർഗങ്ങളെ വന്യജീവി ആക്ടിന്റെ കീഴിൽ ഉൾപ്പെടുത്തുകയും അവയെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മുതലകളിലെ വംശനാശഭീഷണി രാജ്യത്ത് വലിയ ചർച്ചയാവുകയും അങ്ങനെ പിറന്ന വലിയൊരാശയവുമായിരുന്നു ചെന്നൈയിലെ ക്രോക് ബാങ്ക്. പല്ലവ രാജവംശത്തിന്റെ സ്മരണകൾ ഉണർത്തുന്ന സ്തൂപങ്ങളും ഗുഹാക്ഷേത്രങ്ങളും നിറഞ്ഞ മാമല്ലപുരം എന്ന മഹാബലിപുരത്താണ് 1976–ല്‍ റോമുലസ് വിറ്റേക്കർ എന്ന ഹെപ്പറ്റോളജിസ്റ്റ് ഈ മുതല സംരക്ഷണകേന്ദ്രം സ്ഥാപിച്ചത്. പത്തേക്കറിലാണിത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യനും ആഫ്രിക്കനുമായ ചീങ്കണ്ണികൾ, മുതലകൾ എന്നിവയുൾപ്പെടെ 2500 ഓളം ഉരഗങ്ങളും പക്ഷികളും നിറഞ്ഞ ഒരു ജന്തുജാല വൈവിധ്യ കേന്ദ്രമാണിവിടം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉരഗ മ്യൂസിയം, എണ്ണിയാൽ ഒടുങ്ങാത്തത്രയും തരത്തിലുള്ള ഉരഗങ്ങൾ, അവയുടെ ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ച് വൃത്തിയായി അവയെ സംരക്ഷിച്ചിരിക്കുന്നു.
പാമ്പുകളുടെ സ്വഭാവ സവിശേഷതകൾ പഠിക്കുന്നതിനും ഗവേഷണങ്ങൾ നടത്തുന്നതിനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.കുട്ടികളാണ് ഈ ക്രോക് ബാങ്കിലെ നിത്യ സന്ദർശകർ. കൗതുകം നിറഞ്ഞ ഈ ഉരഗലോകത്തെ കാഴ്ചകൾ ഏറ്റവും നന്നായി ആസ്വദിക്കുന്നതും കുട്ടികളാണ്. വിവിധ വിഭാഗങ്ങളിലുൾപ്പെട്ട ഉരഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവു നൽകുന്നതിനായി ക്രോക്ബാങ്കുമായി ബന്ധപ്പെട്ട അധികാരികളുമുണ്ട്.അവധിക്കാലങ്ങളിൽ കുട്ടികളെ ചെറിയ വിഭാഗങ്ങളായി തിരിച്ച് ഇവിടെ സാഹസിക യാത്രകൾ സംഘടിപ്പിക്കാറുണ്ട്. അറിവു പകരുന്ന ക്ലാസുകളും ആദിവാസി ജനവിഭാഗങ്ങളുടെ കൂടെയുള്ള ചെറുയാത്രകളും കുട്ടികൾക്ക് ഏറെ രസകരമാകുമെന്നതിന് സംശയമില്ല. ഒരു ദിവസം മുഴുവൻ ഈ ക്രോക് ബാങ്കിന്റെ സംരക്ഷകനാകാനുള്ള ഒരു രസകരമായ അവസരവും കുട്ടികൾക്ക് ഈ മുതല സംരക്ഷണ കേന്ദ്രം നൽകുന്നുണ്ട്.ചൊവ്വാഴ്ച മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ഈ ക്രോക് ബാങ്കിന്റെ പ്രവർത്തന സമയം. തിങ്കൾ അവധി ദിവസമാണ്. മുതിർന്നവർക്ക് പ്രവേശന ഫീസ് 50 രൂപയും പത്ത് വയസ്സിൽ താഴെയുള്ളവർക്ക് 30 രൂപയുമാണ്.
STORY HIGHLLIGHTS: Madras-Crocodile-Bank-Trust