മാലിന്യം ഒരു സാമൂഹ്യ പ്രശ്‌നമാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. പ്രകൃതിക്കും, മനുഷ്യനും, മൃഗങ്ങള്‍ക്കും ഒരുപോലെ ദുരന്തം വിതയ്ക്കുന്ന വിപത്താണ് മാലിന്യം. മനുഷ്യ നിര്‍മ്മിത മാലിന്യമാണ് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നതും. ഇത് ഫലപ്രദമായി സംസ്‌ക്കരിക്കാന്‍ കഴിയാത്തതെന്തെന്ന ചോദ്യം അവസാനിച്ചിട്ടില്ല. മാലിന്യം പൊതു ഇടങ്ങലില്‍ വലിച്ചെറിയുക, ജലാശയങ്ങളില്‍ തള്ളുക, ഒഴിഞ്ഞ പറമ്പുകളില്‍ ഇടുക തുടങ്ങിയ കലാപരിപാടികള്‍ നിര്‍ബാധം കേരളത്തിലും തുടരുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌ക്കരണത്തിന്റെ പേരില്‍ ചെലവഴിക്കുന്നത് കോടികളാണ്. എന്നിട്ടും, നഗരം ചീഞ്ഞുനാറുന്നു എന്നതു മാത്രമാണ് സംഭവിക്കുന്നത്.
വീട്ടിലെ മാലിന്യം ഇരുട്ടിന്റെ മറവിലാണ് പൊതുഇടങ്ങളില്‍ തള്ളുന്നത്. ഇത്തരക്കാരെ പിടിക്കാന്‍ ജലാശയങ്ങളിലും റോഡുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും ആരെയും കണ്ടെത്താന്‍ കഴിയാതെ വരികയാണ്. എന്നാല്‍, മാലിന്യം കുന്നുകൂടുന്നതിന് കുറവുമില്ല. ഇതിനെല്ലാം അറുതി വരുത്താനുള്ള പുതിയ തന്ത്രവുമായാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കേന്ദ്രീകൃത വാട്‌സാപ്പ് നമ്പരും, വാര്‍റൂമും തയ്യാറായിരിക്കുന്നത്. അറിയണം അതേക്കുറിച്ച്. മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായാണ് മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്രീകൃത വാട്ട്‌സാപ്പ് സംവിധാനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
9466 700 800 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കേണ്ട പരാതികളാണ് ഈ നമ്പര്‍ വഴി അറിയിക്കാനവ്# കഴിയുന്നത്. വാട്ട്‌സാപ്പ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോര്‍പ്പറേഷനില്‍ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു കഴിഞ്ഞു. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകള്‍ സംബന്ധിച്ച പരാതികളും ഇനി ഈ നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് പരിഹാരം തേടാനാകും. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ മാലിന്യപ്രശ്‌നത്തില്‍ ജനകീയ ഓഡിറ്റും സാധ്യമാക്കാം. തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വമിഷനാണ് പദ്ധതി ആവിഷ്‌കരിച്ചത്.
സംസ്ഥാനത്ത് എവിടെ നിന്നും വാട്‌സാപ്പില്‍ ലഭിക്കുന്ന പരാതികള്‍ അവയുടെ ലൊക്കേഷന്‍ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടര്‍ നടപടികള്‍ക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയത്. ഈ വാട്‌സാപ്പ് നമ്പറില്‍ മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. ലൊക്കേഷന്‍ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ വാര്‍റൂം പോര്‍ട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ലഭ്യമാക്കും. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നിയമലംഘനത്തിന്മേല്‍ ഈടാക്കിയ പിഴയുടെ 25 ശതമാനം തുക (പരമാവധി 2500 രൂപ) പാരിതോഷികം നല്‍കും.
ഇത്തരം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം വാട്‌സാപ്പ് നമ്പറുകളാണ് നിലവില്‍ ഉണ്ടായിരുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നമ്പറുകള്‍ മനസ്സിലാക്കി പരാതികള്‍ അറിയിക്കുക എന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്‌സാപ്പ് നമ്പര്‍ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പരാതികളിന്മേല്‍ കൃത്യമായ തുടര്‍നടപടി തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുമോ എന്നാണ് ആശങ്ക. കൂടാതെ, തുടര്‍ന്ന് പരാതി തെളിവു സഹിതം റിപ്പോര്‍ട്ട് ചെയ്ത ആളുകള്‍ക്ക് പാരിതോഷികം ലഭ്യമാക്കുന്ന കാര്യത്തിലും വീഴ്ച ഉണ്ടാകാനും സാധ്യതയുണ്ട്.
ഇക്കാര്യത്തില്‍ ഒരു ദൈനംദിന മേല്‍നോട്ട / അവലോകന സംവിധാനം സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്രാദേശികമായി പരാതി അറിയിക്കുന്ന, പരാതിക്കാരന്റെ പേര് വിവരങ്ങള്‍ സംബന്ധിച്ച രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കും എന്ന കാര്യത്തില്‍ സംശയങ്ങള്‍ക്കും വിശ്വാസക്കുറവിനും ഇടയാക്കുന്നുണ്ട്. ഇത് പരാതി അറിയിക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്‌തേക്കാം. ഈ സാഹചര്യത്തില്‍ കേന്ദ്രീകൃതമായ ഒരു സൗകര്യം ഉണ്ടാവുകയും അവിടെ ലഭിക്കുന്ന പരാതികള്‍ അവിടെ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന ഒരു രീതി ഉണ്ടാവുന്നതാവും ഉചിതം എന്ന് മനസ്സിലാക്കിയാണ് പുതിയ സംവിധാനം ഒരുക്കിയത്.
ഇതിനായി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ തയാറാക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാട്‌സാപ്പ് നമ്പറിലേക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ സംസ്ഥാനത്തൊട്ടാകെ പരാതി അറിയിക്കുന്നതിന് 1034 തദ്ദേശ സ്ഥാപനങ്ങക്ക് അത്രയും തന്നെ എണ്ണം വാട്‌സാപ്പ് നമ്പറുകള്‍ക്ക് പകരം ഒരു പൊതു സംവിധാനം ഉണ്ടാവുകയും ആ സംവിധാനത്തിന്റെ പ്രചാരണം എളുപ്പത്തില്‍ സാധ്യമാവുകയും ചെയ്യും. ഇതിനായി ഒരു കേന്ദ്രീകൃത ഹെല്‍പ്പ്‌ലൈന്‍ സംവിധാനം സജ്ജമാക്കുകയും ലഭിക്കുന്ന പരാതികള്‍ ഇവിടെ നിന്ന് കൃത്യമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കി തുടര്‍ കൃത്യമാക്കുകയും ചെയ്യും. കൂടാതെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുന്നതിനും ഇത് സഹായകമാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ ലഭിക്കുന്ന മുറയ്ക്ക് നടപടിയും പാരിതോഷികവും നല്‍കുമ്പോള്‍ കൂടുതല്‍ പേര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം. വിളപ്പില്‍ശാലയിലും, ഞെളിയന്‍ പറമ്പിലും, ബ്രഹ്‌മപുരത്തും മാത്രമല്ല, മാലിന്യ പ്രശ്‌നങ്ങള്‍ ഉള്ളതെന്ന് മനസ്സിലാക്കുമ്പോഴാണ് പുതിയ പദ്ധതിയുടെ ആവശ്യം അറിയാനാകുന്നത്. മാലിന്യമുക്ത കേരളം സാധ്യമായില്ലെങ്കില്‍ കുടിവ ള്ളെ സ്രോതസ്സുകള്‍ പൂര്‍ണ്ണമായും മാലിന്യം നിറയുന്ന കാലം വിദൂരമല്ലെന്ന് ഓര്‍ക്കുക.
CONTENT HIGHLIGHTS;Give information about litterers and get a reward of Rs 2500: Warroom portal is ready against littering, WhatsApp is also ready