ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ മരണത്തിന് കീഴടങ്ങേണ്ടിവന്ന അന്ന സെബാസ്റ്റ്യന്റെ അമ്മ ഏണസ്റ്റ് ആന്‍ഡ് യങ്ങ് അധികൃതര്‍ക്ക് എഴുതിയ കത്ത് ഹൃദയഭേദകമാണെന്ന് എ.എ. റഹീം എംപി. മികച്ച കരിയര്‍ എല്ലാവരുടെയും സ്വപ്നമാണ് അതിനു വേണ്ടി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുക എന്നതും സ്വാഭാവികമാണ്. പക്ഷേ ജോലി സമ്മര്‍ദ്ദം നമ്മുടെ ജീവിതത്തെ ഇല്ലാതാക്കുന്നുണ്ടോ എന്ന് ആത്മ പരിശോധന നമ്മള്‍ നടത്തേണ്ടതുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ റഹീം വ്യക്തമാക്കി.
ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തേണ്ട ബാധ്യത തൊഴില്‍ ദാതാക്കള്‍ക്കും ഉണ്ട്. പല കമ്പനികളും ജീവനക്കാരെ ചൂഷണം ചെയ്യുന്നതായുള്ള പരാതികള്‍ ഉണ്ട്.എന്നാല്‍ കരിയര്‍ എന്ന സ്വപ്നത്തെ മുന്നില്‍കണ്ട് പലരും ഇത്തരം ചൂഷണങ്ങള്‍ മറച്ചുവയ്ക്കുകയാണ്.ഇത് ചൂഷണം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ധൈര്യം പകരും.തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും നിലനില്‍ക്കുന്ന വിവിധ ചൂഷണങ്ങള്‍ കണ്ടെത്താനും നിയന്ത്രിക്കുന്നതിനും നിയമങ്ങള്‍ പരിമിതമാണ്.പുതിയ തൊഴില്‍ സാഹചര്യങ്ങളില്‍ പുതിയ നിയമ നിര്‍മ്മാണങ്ങള്‍ ആവശ്യമാണ്.അത് നിക്ഷേപ സാധ്യതകളെ തടസ്സപ്പെടുത്തുന്നതാകരുത്.എന്നാല്‍ ചൂഷണം കര്‍ശനമായി നിയന്ത്രിക്കുകയും വേണം. ഇത്തരം ചൂഷണങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.അന്നയുടെ അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കും. ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ പൊതുസമൂഹത്തിലും ശക്തമായ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. അന്നയുടെ കുടുംബത്തോടൊപ്പം നമുക്ക് നില്‍ക്കാം. ഇനി അന്നമാര്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ശബ്ദമുയര്‍ത്താം.