തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിലെ അന്വേഷണം സംബന്ധിച്ച് വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍.ആര്‍.ഐ. സെല്‍ ഡിവൈ.എസ്.പിയുമായ എം.എസ്. സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് അച്ചടക്ക നടപടി സ്വീകരിച്ച് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
തൃശ്ശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നുള്ളതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍ അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു ലഭിച്ച മറുപടി. എന്നാല്‍, ഈ അവസരത്തില്‍ എ.ഡി.ജി.പി. തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു.
സുപ്രധാന ചോദ്യമായിട്ടും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്താതെയായിരുന്നു മാധ്യമത്തിന് മറുപടി നൽകിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. നാളെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
STORY HIGHLIGHT: thrissur pooram controversy action against rti officer