തൻ്റെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ആന്ധ്രാ മുന്‍മുഖ്യമന്ത്രി ജഗ്ഗന്‍ മോഹന്‍ റെഡ്ഡി. ലാബ് റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ റെഡ്ഡി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിൻ്റെ ടിഡിപിയും വിശ്വാസം രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ടിഡിപി പങ്കുവെച്ച ലബോറട്ടറി റിപ്പോർട്ടുകൾ നായിഡുവിൻ്റെ കാലത്ത് ജൂലൈ മുതലുള്ളതാണെന്ന് റെഡ്ഡി അവകാശപ്പെട്ടു.ചന്ദ്രബാബു നായിഡു എങ്ങനെയാണ് വസ്തുതകൾ വളച്ചൊടിച്ചതെന്നും എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടതെന്നും വിശദീകരിച്ച് പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതുമെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണങ്ങളില്‍ സിറ്റിംഗ് ജഡ്ജിയോ ഹൈക്കോടതി നിയോഗിച്ച സമിതിയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടി ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.
മുഖ്യമന്ത്രി നായിഡു നേരത്തെ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഒന്നിലധികം പരിശോധനകൾ നടത്തിയെന്നും അനാവശ്യ ചേരുവകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെട്ടതായും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവു പറഞ്ഞു. ലാബ് റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പരിശോധനാ സൗകര്യങ്ങളുടെ അഭാവം നെയ്യ് വിതരണക്കാർ മുതലെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.