അമ്പലപ്പുഴ: ആലപ്പുഴയില്‍ ഒരാൾ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കുടുംബം ക്വാറന്റൈനിലാണ്.
ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതിനായി പ്രത്യേകം വാര്‍ഡ് തുറന്നിട്ടുണ്ട്. മൂന്നുദിവസം മുൻപാണ് 12 കിടക്കകളുള്ള പ്രത്യേക വാർഡ്തുറന്നത്. വാർഡിൽ ആദ്യമായാണ് എം പോക്സ് ലക്ഷണങ്ങളോടെ ഒരാളെ പ്രവേശിപ്പിക്കുന്നത്. പരിശോധനാ ഫലം കിട്ടിയാലേ എംപോക്സാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
അതേസമയം, എംപോക്സ് രോഗലക്ഷണങ്ങളെന്ന സംശയത്തെ തുടർന്ന് കണ്ണൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കൻ പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ പരിശോധനാഫലം നെഗറ്റീവായി. സെപ്തംബർ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സിന് സമാനമായ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് യുവതിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. യു.എ.ഇയിൽ നിന്ന് എത്തിയ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും ശരീരത്തിൽ ചിക്കൻ പോക്സിന് സമാനമായ രീതിയിൽ തടിപ്പുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടർ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.