കാര്യം ദുരന്തേട്ടൻ എന്ന പേരൊക്കെ ചാർത്തിത്തന്നിട്ടുണ്ടെങ്കിലും ഞാൻ സുരക്ഷയെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ആരും ശ്രദ്ധിക്കാനില്ല എന്ന നിലയായി.
ഈ വിഷയം അപ്രസക്തം ആയതുകൊണ്ടല്ല. ആയിരക്കണക്കിന് അപകട മരണങ്ങളാണ് ഓരോ വർഷവും കേരളത്തിൽ സംഭവിക്കുന്നത്. നാലായിരത്തോളം ആളുകൾ റോഡുകളിൽ മരിക്കുന്നു, ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്നു, അഞ്ഞൂറിന് മുകളിൽ ആളുകൾ ട്രെയിനിൽ നിന്നും വീണോ ട്രെയിൻ ഇടിച്ചോ മരിക്കുന്നു. ഉയരങ്ങളിൽ നിന്നും വീണ്, നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ, അഗ്നിബാധയിൽ എന്നിങ്ങനെ നൂറു കണക്കിന് മരണങ്ങൾ വേറെയുമുണ്ട്.
2008 ലാണ് ഞാൻ സുരക്ഷാവിഷയങ്ങളെ പറ്റി എഴുതിത്തുടങ്ങിയത്. അതിന് ശേഷം വർഷാവർഷം അപകടമരണങ്ങൾ കൂടിവരുന്നതേ ഉള്ളൂ. ഇപ്പോൾ അപകടമരണ സംഖ്യ വർഷത്തിൽ പതിനായിരത്തോടടുക്കുന്നു.
2004 ലെ സുനാമിയിൽ 172, 2017 ലെ ഓഖിയിൽ 160 നു മുകളിൽ, 2018 ലെ പ്രളയത്തിൽ 483 പേർ ഇപ്പോൾ വയനാട്ടിലെ ദുരന്തത്തിൽ കാണാതായവരുൾപ്പടെ 400 നു മുകളിൽ ആളുകൾ. ഇതാണ് കേരളത്തിലെ വലിയ ദുരന്തങ്ങളിലെ മരണസംഖ്യ. ഇതെല്ലാം കൂടിയാലും ഒരു വർഷം കേരളത്തിൽ മുങ്ങിമരിക്കുന്നവരുടെ അത്രയും വരില്ല.
അതുകൊണ്ട് തന്നെ അപകടമരണത്തിൽ സമൂഹത്തിന്റെ ശ്രദ്ധ കൂടുതൽ ഉണ്ടാകണം. ഇതിന് വ്യക്തിപരമായ ഒരു കാരണം കൂടിയുണ്ട്.
ഈ അപകടങ്ങൾ വരുന്നത് യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ്. മരിക്കുന്ന ആയിരങ്ങളിൽ ഒരാൾ പോലും അന്ന് രാവിലെ ഉണർന്ന് സ്‌കൂളിലോ, തൊഴിലിനോ, ഉല്ലാസത്തിനോ, യാത്രക്കോ പോയത് ഇന്ന് അപകടം ഉണ്ടാകുമെന്നോ മരിക്കുമെന്നോ ഓർത്തല്ല. മരണം നമുക്ക് ചുറ്റും ദിവസേന ഉണ്ട്. ഇതെല്ലാം ഒഴിവാക്കാൻ സാധ്യമല്ല. പക്ഷെ ഒഴിവാക്കാവുന്ന അനവധി മരണങ്ങൾ ഉണ്ട്.
ഇതിൽ ഏറ്റവും എളുപ്പമുള്ളതാണ് വിമാനത്താവളത്തിൽ ബന്ധുക്കളെ സ്വീകരിക്കാനോ യാത്രയയക്കാനോ സംഘമായി പോകുന്നത് ഒഴിവാക്കുന്നത്. ഓരോ വർഷവും നൂറിലധികം ആളുകളാണ് വിമാനത്താവളത്തിൽ യാത്രയയച്ചതിന് ശേഷമോ സ്വീകരിച്ചു മടങ്ങുമ്പോഴോ അപകടത്തിൽ മരിക്കുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എങ്ങനെയാണ് ഇത് ഒഴിവാക്കാൻ പറ്റുന്നത് എന്നതെല്ലാം വിശദമായി മുൻപും എഴുതിയിട്ടുണ്ട്.
എന്റെ വായനക്കാരെങ്കിലും ഇക്കാര്യത്തിൽ അല്പം ശ്രദ്ധ കാണിക്കണം. എയർപോർട്ട് ടാക്സിയോ പരിചയമുള്ള മറ്റു ടാക്‌സികളോ എടുക്കുന്നതാണ് നല്ലത്. അത്യാവശ്യം എങ്കിൽ മാത്രം ഒരാളെ കൂട്ടിന് കൂട്ടുക. മറ്റുള്ള യാത്ര പറയൽ/സ്വീകരണം എല്ലാം നാട്ടിൽ/വീട്ടിൽ വെച്ച് ആകാമല്ലോ.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട. സുരക്ഷിതരായിരിക്കുക.