പർവത ശിഖരങ്ങളിൽ തപസനുഷ്ഠിച്ച്, മോക്ഷത്തിനായി അലയുന്ന നിരവധി സന്യാസിമാരെക്കുറിച്ച് ഹിന്ദു പുരാണങ്ങളിൽ ഒട്ടേറെ കഥകളുണ്ട്. അന്നവർ തപം ചെയ്ത പർവതാഗ്രങ്ങൾ പിന്നീട് ആ സന്യാസിശ്രേഷ്ഠൻമാരുടെ പേരിൽ അറിയപ്പെടുന്ന കാഴ്ചകളും നമ്മുടെ ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ് അഗസ്ത്യാർകൂടവും അത്തരത്തിലൊന്നാണ്. അഗസ്ത്യ മുനി തപംചെയ്ത ആ പർവതം പിന്നീട് അഗസ്ത്യാർ കൂടം എന്നറിയപ്പെടുകയായിരുന്നു. ആ തപസിന്റെ പുണ്യം പേറി അഗസ്ത്യകൂടത്തിൽ നിന്നുദ്ഭവിക്കുന്ന നദിയാണ് താമ്രപർണി. ഒന്നു മുങ്ങികുളിച്ചാൽ എല്ലാ പാപങ്ങളുമകന്ന് മോക്ഷം സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന നദി.
പഴയ തിരുവിതാംകൂറിലൂടെ ഒഴുകിയിരുന്ന താമ്രപർണി. ഇന്ന് തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെയാണ് ഒഴുകുന്നത്. 120 കിലോമീറ്ററോളം ഒഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്ന നദിക്ക് ചരിത്രവുമായി നിസാരമമല്ലാത്ത ബന്ധങ്ങളുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും തൊൽക്കാപ്പിയത്തിലുമെല്ലാം പരാമർശിക്കപ്പെട്ടിട്ടുള്ള നദിയാണ് താമ്രപർണി. സംഘംകൃതികളിൽ താൻപൊരുനൈ എന്ന പേരിലും അറിയപ്പെട്ടിരുന്നത് ഈ നദിതന്നെയാണ് പണ്ട് സ്വരാജാക്കൻമാരുടെ കാലത്ത് മുത്തുകൾ വ്യവസായം നടത്തിയിരുന്ന കൊർക്കൈ എന്ന സ്ഥലം താമ്രപർണിയുടെ സമീപപ്രദേശമാണ്.
കൊഴിഞ്ഞു വിഴുന്ന ഇലകൾക്ക് ചുവപ്പു നിറം നൽകുന്നുവെന്നത് താമ്രപർണിയുടെ ഒരു പ്രത്യേകതയാണ് നദിയിൽ ചെമ്പിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഇലകൾക്ക് ചുവപ്പു നിറം കൈവരുന്നത്. തമിഴിൽ ‘താമ്രം’ എന്നാൽ ചെമ്പെന്നും ‘പറനി’ എന്നാൽ ഇല എന്നുമാണത്രേ അർത്ഥം. നദിയിലെ ചെമ്പിന്റെ നിക്ഷേപമാണ് ഈ പേരിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. 1725 മീറ്റർ ഉയരത്തിൽ നിന്നാണ് താമ്രപർണി ഉദ്ഭവിക്കുന്നത്. തമിഴ് നാട്ടിലെ പ്രധാന പട്ടണങ്ങളായ തിരുനെൽവേലി, ശ്രീ വൈകുണ്ഠം, അംബാസമുദ്രം, തിരുച്ചെന്തൂർ എന്നിവയെല്ലാം സ്ഥിതിചെയ്യുന്നത് ഈ നദിക്കരയിലാണ്. അഞ്ച് ജലപാതകൾ സൃഷ്ടിച്ചാണ് താമ്രപർണി പാപനാശം സമുദ്രത്തിൽ പതിക്കുന്നത്. കല്യാണ തീർത്ഥം, ബാണതീർത്ഥം എന്നീ ജലപാതകൾ അതിമനോഹരങ്ങളാണ് 100 മീറ്റർ ഉയരത്തിൽ നിന്ന് പതിക്കുന്ന കല്യാണ തീർത്ഥമെന്ന വെള്ളച്ചാട്ടം സുഖകരമായ തണുപ്പും ഒൗഷധഗുണവും പ്രദാനം ചെയ്യുന്ന ഒന്നാണ്.
40 മീറ്റർ ഉയരത്തില്‍ നിന്നാണ് ബാണതീർത്ഥത്തിൽ വെള്ളം താഴേക്ക് പതിക്കുന്നത്. പർവതാഗ്രങ്ങളിൽ നിന്നുദ്ഭവിക്കുന്ന നദീ ജലത്തിന് ഒൗഷധഗുണങ്ങളേറെയെന്ന് പറയപ്പെടുന്നു.അഗസ്ത്യാർകൂടമെന്ന കൊടുമുടി കയറാൻ ഇഷ്ടപ്പെടുന്നവർക്ക് താമ്രപർണിയിലെ തണുത്തവെള്ളത്തിൽ ക്ഷീണമകറ്റാം. ചോലവനത്തിലെ അഗസ്ത്യപ്രതിഷ്ഠ കാണാൻ നദി ജലത്തിൽ മുങ്ങികുളിച്ച് യാത്രയാരംഭിക്കാം. താമ്രപർണി തീർക്കുന്ന മനോഹരമായ നീരുറവകളുടെ കൈവഴികളിലൂടെ ദക്ഷിണ തമിഴ്നാടിന്റെ ഭംഗി ആസ്വദിക്കാം. ഇലകളെ ചുവപ്പിച്ചുകൊണ്ട് ഒഴുകുന്ന നിരവധി ചരിത്രമൊളിപ്പിച്ച താമ്രപർണിയെ അടുത്തറിയുകയെന്നത് യാത്രികർക്ക് ആവേശമായിരിക്കുമെന്നത് തീർച്ചയാണ്.
STORY HIGHLLIGHTS: Thamirabarani-River