ഹിമാലയത്തിലെ ജീവനുള്ള മമ്മിയുടെ അത്ഭുത കഥ അറിയാമോ.. പണ്ട് ഹിമാചല്‍ പ്രദേശിലെ ഗ്യൂ ഗ്രാമത്തിൽ ജനങ്ങള്‍ തേള്‍ശല്യം മൂലം പൊറുതി മുട്ടിയിരുന്നു. അപ്പോഴാണ് സംഘ ടെന്‍സിന്‍ എന്നു പേരുള്ള ഒരു ലാമ അവിടെയെത്തിയത്. ജനങ്ങളുടെ കഷ്ടപ്പാടു കണ്ട് അദ്ദേഹത്തിന്‍റെ മനസ്സലിഞ്ഞു. തേള്‍ശല്യം ഒഴിവാക്കാനായി അദ്ദേഹം തപസ്സിരിക്കാന്‍ തുടങ്ങി. ആ ഇരിപ്പിലെപ്പോഴോ അദ്ദേഹം സമാധിയടഞ്ഞു. ലാമയുടെ ആത്മാവ് ശരീരം വിട്ടുപോയപ്പോള്‍ ആകാശത്ത് ഏഴു നിറമുള്ള മഴവില്ല് വിരിഞ്ഞു. അതോടൊപ്പം തേളുകളും ഗ്രാമം വിട്ട് എങ്ങോട്ടോ ഓടിപ്പോയി. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പു ജീവന്‍ വെടിഞ്ഞ ആ ലാമയുടെ ശരീരം ഇന്നും ഹിമാചലിലുണ്ട് എന്നാണ് വിശ്വാസം. സൈന്യത്തിന്‍റെ ഖനനപ്രവര്‍ത്തനങ്ങള്‍ക്കിടെ 1975 ല്‍ അവര്‍ക്ക് ഒരു ശരീരം കിട്ടി.
അധികം പഴക്കമില്ലാത്ത ശരീരമായിരിക്കും അതെന്നാണ് അവര്‍ ആദ്യം കരുതിയത്. പിന്നീട് നടത്തിയ കാര്‍ബണ്‍ പരിശോധനയിലാണ് അതിന് അറുനൂറോളം വര്‍ഷം പഴക്കമുണ്ടെന്നു മനസ്സിലായത്. കാല്‍മുട്ടുകള്‍ നിലത്ത് കുത്താതെ, കുത്തിയിരിക്കുന്ന നിലയിലാണ് ഈ മമ്മി ലഭിച്ചത്. പട്ടുമേലങ്കിയാണ് ധരിച്ചിരിക്കുന്നത്. പല്ലിനും മുടിക്കുമൊന്നും ഒരു കുഴപ്പവുമില്ല. മണ്ണിനടിയില്‍നിന്നു പുറത്തേക്ക് വന്നപ്പോള്‍ ശരീരത്തില്‍ രക്തവും കണ്ടിരുന്നത്രേ. അങ്ങനെയാണ് ‘ജീവനുള്ള മമ്മി’ എന്ന് ഇതിനു പേര് വന്നത്. ഇപ്പോള്‍ ഗ്യൂവിലെ ഒരു ഗോമ്പ അഥവാ ആശ്രമത്തിലാണ് ഈ മമ്മി സൂക്ഷിച്ചിരിക്കുന്നത്. മോഷണം പോകുമോ എന്നു പേടിയുള്ളതിനാല്‍ അതീവ സുരക്ഷയിലാണ് മമ്മി ഇവിടെ സംരക്ഷിക്കുന്നത്.
മമ്മി ഉള്ള ‘ഗോമ്പ’ മലമുകളിലെ ഒരു ഗ്രാമത്തിലാണ്. മമ്മിയെ കാണാന്‍ വരുന്നവരെ ഗ്രാമവാസികൾ സന്തോഷത്തോടെ ആനയിക്കുകയും ഇവിടെയെത്തിക്കുകയും ചെയ്യും. ഹിമാലയത്തിന്റെ ചുവട്ടില്‍ ഏതാനും പേര്‍ മാത്രം താമസിക്കുന്ന മനോഹരമായ കുഞ്ഞുഗ്രാമമാണ് ഗ്യൂ.ഈ ഗ്രാമത്തിലെത്തണമെങ്കിലും അത്യാവശ്യം കഷ്ടപ്പെടണം. ഇവിടേക്ക് പ്രതിദിനം ബസുകള്‍ ഓടുന്നില്ല. ടാക്സി വിളിക്കണം. ഇന്ത്യ- ചൈന അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് സമുദ്രനിരപ്പില്‍നിന്ന് 10,499 അടി ഉയരമുണ്ട്. കിന്നൗര്‍ റൂട്ടില്‍നിന്നു സ്പിറ്റി വാലിയിലേക്കു പോകുംവഴി സുമോധിനു മൂന്നു കിലോമീറ്റര്‍ മുമ്പ്, താബോ ടൗണിലേക്കുള്ള വഴിയില്‍ ഗ്യൂവിലേക്കുള്ള സൈന്‍ ബോര്‍ഡുകള്‍ കാണാം. ഇവിടെനിന്നു മണ്ണും ചെളിയും നിറഞ്ഞ വഴിയിലൂടെ 20 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഗ്യൂവിൽ എത്തും.
‘ഗ്യൂ നാല’ എന്നും ഈ വഴി അറിയപ്പെടുന്നു. കാസയില്‍നിന്നു ഫൂ, ഷിംല തുടങ്ങിയ ഇടങ്ങളിലേക്കു പോകുന്ന സര്‍ക്കാര്‍ ബസുകള്‍ ഇവിടെ നിര്‍ത്താറുണ്ട്.സ്പിറ്റി വാലിയുടെ ഉപജില്ലാ തലസ്ഥാനമായ കാസയില്‍നിന്ന് 80 കിലോമീറ്ററും ഷിംലയില്‍നിന്ന് 430 കിലോമീറ്ററും മണാലിയില്‍നിന്നു കുന്‍സും പാസ് വഴി 250 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം.സഞ്ചാരികള്‍ക്കായി കാര്യമായ മസസൗകര്യങ്ങളൊന്നും ഇവിടെയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഏതാനും ഹോം സ്റ്റേകള്‍ മാത്രമേ ഉള്ളൂ. മൂന്നു നേരത്തെ ഭക്ഷണത്തിനും പണം വെവ്വേറെ നല്‍കണം. റസ്റ്ററന്റുകള്‍ ഇല്ലാത്ത സ്ഥലമാണിത്. ബാത്ത്റൂം സൗകര്യമാകട്ടെ പൊതുവാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് റോഡുകള്‍ നല്ലതായിരിക്കും. അധികം തണുപ്പും കാണില്ല.
STORY HIGHLLIGHTS : lama-mummy-gue-himachal-pradesh