കുട്ടികളിലാണെങ്കിലും മുതിര്‍ന്നവരിലാണെങ്കിലും ഭക്ഷണം തന്നെയാണ് പ്രതിരോധ ശേഷിയുടെ അടിത്തറ. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് മാതാപിതാക്കൾ നേരിടുന്ന ഏറ്റവും പ്രയാസകരമായ ജോലിയാണ്. കുട്ടികളെ ഒരിക്കലും പേടിപ്പെടുത്തിയോ, നിര്‍ബന്ധിച്ചോ ഭക്ഷണം കഴിപ്പിക്കാതിരിക്കുക. ഭക്ഷണത്തോട് താല്‍പര്യം വരുന്ന രീതിയിലുള്ള ഇടപെടലുകളാകണം മാതാപിതാക്കള്‍ നടത്തേണ്ടത്. അത് തീര്‍ത്തും ബുദ്ധിപരമായ ജോലിയാണെന്നും മനസിലാക്കുക. രോഗ പ്രതിരോധശേഷി നിലനിര്‍ത്തേണ്ടതും അതിനെ ശക്തിപ്പെടുത്തേണ്ടതുമെല്ലാം ശരീരത്തിന്റെ അടിസ്ഥാന ആവശ്യമാണ്. കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ:
റാഗി
പഞ്ഞപ്പുല്ല്, കൂവരക്, മുത്താറി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന റാഗിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധതരം മാക്രോ മൈക്രോ ന്യൂട്രിയന്റുകൾ, കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, കാൽസ്യം എന്നിവയും ഇവയിൽ ധാരാളമടങ്ങിയിരിക്കുന്നു. കഴിവതും ഒരു നേരമെങ്കിലും ആഹാരത്തിൽ റാഗി ഉൾപ്പെടുത്തുക.
തൈര്
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും തൈരിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് തൈരിൽ ഏകദേശം 49 ശതമാനത്തോളം കാൽസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും തൈരിൽ അടങ്ങിയിരിക്കുന്നു. പാൽ കഴിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് പകരം കഴിക്കാവുന്ന ഒന്നാണ് തൈര്. കാരണം ഇത് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കില്ല. തൈരിലെ പ്രോ ബയോട്ടിക് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. കുട്ടികൾക്ക് സലാഡായോ അല്ലാതെയോ നൽകാവുന്നതാണ്.
ബദാം
ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി- ഓക്സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കുട്ടികളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഭക്ഷണത്തിലോ ലഘുഭക്ഷണത്തിലോ ബദാം ഉൾപ്പെടുത്തുന്നത് ഉത്തമം.
മുട്ട
അയൺ, പ്രോട്ടീൻ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഫുഡ് തന്നെയാണ് മുട്ട. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകളും മുട്ടയിലുണ്ട്. മുട്ടയിൽ അടങ്ങിയിട്ടുള്ള ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു ഇതിലൂടെ എല്ലുകളെയും പല്ലുകളെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ സെലനിയം പോലെയുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങളും മുട്ടയിൽ ഉണ്ട്. ദിവസവും മുട്ട കഴിക്കുന്നതിലൂടെ വിളര്‍ച്ച പോലെയുള്ള അസുഖങ്ങള്‍ കുറയ്ക്കുവാന്‍ സാധിക്കും. ആരോഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ തലച്ചോറിലെ പ്രവർത്തനങ്ങളെ സുഗമമായി പ്രവർത്തിപ്പിക്കാനും സാധിക്കുന്നു.
പച്ചക്കറികൾ
കുട്ടികളുടെ ഭക്ഷണത്തിൽ ഇടയ്ക്ക് ബ്രോക്കോളി, മുരിങ്ങയില, പച്ചയിലക്കറികൾ മുതലായവ ഉൾപ്പെടുത്തുക. കാൽസ്യം, അമിനോ ആസിഡുകൾ, ഇരുമ്പ്, ആന്റിഓക്സിഡന്റുകൾ എന്നിങ്ങനെ ശരീരത്തിന് സഹായകമായ നിരവധി ഘടകങ്ങൾ പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിറ്റാമിനുകളും ധാതുക്കളും കൂടുതൽ അടങ്ങിയിരിക്കുന്ന സിട്രസ് പഴങ്ങളും വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളും കഴിക്കുന്നത് കുട്ടികളിലെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
STORY HIIGHLIGHT: Boost immunity in children