Health

എന്താണ് സൈനസൈറ്റിസ്? ലക്ഷണങ്ങള്‍ എന്തെല്ലാം?- sinusitis

വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. വിട്ടുമാറാതെ തലവേദന, ജലദോഷം, മൂക്കടപ്പ്, ചുമ ഈ ലക്ഷണങ്ങളൊക്കെ തുടർച്ചയായി കാണുന്നുണ്ടെങ്കിൽ അതൊരുപക്ഷേ തലയ്ക്ക് വരുന്ന നീർക്കെട്ട് അഥവാ സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ ആകാം. നമ്മുടെ തലയോട്ടിക്കുള്ളിലെ വായു അറകളാണ് സൈനസിസ്. മൂക്കിന്റെയും കവിളിന്റെയും കണ്ണിന്റെയും ഇരുവശത്തും ഇവ സ്ഥിതി ചെയ്യുന്നുണ്ട്.

എന്താണ് സൈനസൈറ്റിസ്

ശ്വസിക്കുന്ന വായുവിനെ കടത്തിവിടുന്ന കുറച്ച് അറകളുണ്ട് അതാണ് സൈനസിസ് എന്ന് പറയുന്നത്. ഈ വായു സൈനസസിലൂടെയാണ് ശ്വാസകോശത്തിലേക്കെത്തുന്നത്. വായുവിലെ അണുക്കളെ തടയുന്നതും തലയുടെ ബാലന്‍സ് ചെയ്യുന്നതുമെല്ലാം സൈനസിസ് വഴിയാണ്. സൈനസിന് വരുന്ന അണുബാധയെയാണ് നീര്‍ക്കെട്ട് എന്ന് പറയുന്നത്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.

കാരണങ്ങൾ

വിവിധതരം വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധ മൂലമാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. വാസ്തവത്തിൽ, ജലദോഷം, സ്ഥിരമായുള്ള അലർജി എന്നിവയും സൈനസുകളുടെ വീക്കത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.

ലക്ഷണങ്ങൾ

സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണം തലവേദനയും തലയ്ക്കുള്ള ഭാരവുമാണ്. കൂടാതെ നെറ്റിയുടെ താഴെയും കണ്ണിന്റെ മുകളിലായും വേദന അനുഭവപ്പെടുക, മൂക്കിന്റെ ഇരുവശങ്ങളിലും കവിളിന്റെ വശങ്ങളിലും വേദനയുണ്ടാകുക, തലക്ക് ഭാരം തോന്നുക, താഴേക്ക് കുനിയുമ്പോള്‍ തലക്ക് വേദനയുണ്ടാകുക,  മോണവീക്കം, പല്ലുവേദന, മൂക്കടപ്പ്,   മൂക്കൊലിപ്പ് , രുചിയും ഗന്ധവും നഷ്ടമാകുക  ഇതെല്ലാമാണ് സൈനസിന്റെ ലക്ഷണങ്ങൾ.

സൈനസൈറ്റിസ് ചികിത്സിച്ചില്ലെങ്കിൽ  വഷളാവുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. രോഗലക്ഷണങ്ങൾ വഷളാകാതിരിക്കാൻ സൈനസൈറ്റിസ് ചികിത്സയ്ക്കായി എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

STORY HIGHLIGHT: sinusitis types causes symptoms