കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പീഡനാരോപണത്തില്‍ നടന് ജയസൂര്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നതെന്ന് കണക്കിലെടുത്താണ് കേസ് തീര്‍പ്പാക്കിയത്. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്.
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ജയസൂര്യക്കെതിരെ ചുമത്തിയ വകുപ്പുകൾ സംഭവം നടന്നതായി പറയുന്ന കാലയളവിൽ ജാമ്യം കിട്ടാവുന്ന കുറ്റകൃത്യമായിരുന്നതിനാൽ മുൻകൂർ ജാമ്യം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ‘പിഗ്മാൻ’ സിനിമയുടെ ലൊക്കേഷനിൽ വെച്ച് കയറിപ്പിടിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിലാണ് ഒരു കേസ്. 2012-13 കാലയളവിലാണ് സംഭവം.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മറ്റൊരു കേസ്. 2008 ജനുവരി ഏഴിനായിരുന്നു ഇത്.
അതേസമയം പീഡനാരോപണം ഉന്നയിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയസൂര്യ പറയുന്നത്.