റായ്പൂർ: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
രാജ്നന്ദ്ഗാവ് സോംനി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിലാണ് സംഭവം. മരിച്ച കുട്ടികൾ 11-ാം ക്ലാസ് വിദ്യാർഥികളാണെന്നും ഇവർ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ജില്ലാ കലക്ടർ സഞ്ജയ് അഗർവാൾ പറഞ്ഞു.
സംഭവം വേദനാജനകമാണെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയില്‍ ഇടിമിന്നലേറ്റ് ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.