ന്യൂഡല്‍ഹി: ലൈംഗിക വിദ്യാഭ്യാസം പാശ്ചാത്യ സങ്കല്‍പ്പമാണെന്ന ധാരണ പാടില്ലെന്ന് സുപ്രീംകോടതി. ലൈംഗിക ചൂഷണത്തേയും അതിന്‍റെ ആഘാതത്തെയും കുറിച്ച് യുവജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കുന്നതിനായി സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന് സമഗ്രമായ സംവിധാനം കൊണ്ടുവരുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇന്ത്യയില്‍ വ്യാപകമാണെന്നും ലൈംഗികാരോഗ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വിമുഖത സൃഷ്ടിക്കുന്നുവെന്നും ഇത് കൗമാരക്കാര്‍ക്കിടയില്‍ കാര്യമായ വിടവിന് കാരണമാകുന്നുവെന്നും കോടതി പറഞ്ഞു.