രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസം അപ്രതീക്ഷിതമായി നീണ്ടതോടെ അവിടത്തെ കമാൻഡറുടെ ചുമതലയും ഏറ്റെടുത്ത് സുനിത വില്യംസ് തിരക്കിലേക്ക്. നിലയം കമാൻഡർ ആയിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെയാണ് ഇന്ത്യൻ വംശജയായ സുനിത ആ ഒഴിവു നികത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുള്ളത്. ഈ ജോലി സുനിതയ്ക്ക് പുത്തരിയല്ല. 2012 ലെ ദൗത്യത്തിലും അവർ കമാൻഡറായിരുന്നിട്ടുണ്ട്.
ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ജൂൺ 5ന് ഐഎസ്എസിലെത്തിയ സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും 8 ദിവസത്തെ ഗവേഷണപരിപാടികൾ പൂർത്തിയാക്കി മടങ്ങാനാണിരുന്നത്. പക്ഷേ, പേടകത്തിന്റെ സാങ്കേതികത്തകരാർ മൂലം ബഹിരാകാശവാസം നീട്ടേണ്ടി വന്നു. ഇരുവർക്കും ഭൂമിയിലേക്കു മടങ്ങാനായി അടുത്ത ഫെബ്രുവരിയിൽ പേടകം അയയ്ക്കാമെന്നാണ് ‘നാസ’യുടെ ഉറപ്പ്.