Explainers

‘മതാധിഷ്ഠിത കമ്യൂണിസ്റ്റ്’ : MLAമുഹമ്മദ് മുഹ്‌സിന്‍ “ഉംറ”യ്ക്കു പോയി; CPIയുടെ നാവിറങ്ങി മിണ്ടാട്ടം മുട്ടി

സ്വന്തം വിശ്വാസങ്ങളെ പിന്തുടര്‍ന്ന് കമ്യൂണിസ്റ്റായിരിക്കാമെന്ന നയവ്യതിയാനം നടത്തിയതിന്റെ ഭാഗമായി രണ്ട് ഇടതുപക്ഷ പാര്‍ട്ടികളിലും മതാധിഷ്ഠിത സഖാക്കളാണുള്ളതെന്ന് പറയാതെ വയ്യ

ഒരു മതവിശ്വാസി ആദ്യം ചെയ്യേണ്ടത് എന്താണ്. അത്, അവന്റെ മതത്തെ കുറിച്ച് പഠിക്കുക എന്നതാണ്. മാത്രമല്ല, മതം എന്താണോ ജീവിതത്തില്‍ ആവശ്യപ്പെടുന്നത് അത് ചെയ്യുക എന്നതാണ്. എന്നാല്‍, ഒരു കമ്യൂണിസ്റ്റുകാരന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റുകാരും ജീവിതം കൊണ്ട് എഴുതി വെച്ചിട്ടുണ്ട്. ഇതിനിടയിലുള്ളവരാണ് മതവിശ്വാസികളായ കമ്യൂണിസ്റ്റുകള്‍. അതില്‍പ്പെടുന്നവരാണ് ഇപ്പോള്‍ അധികവും. സ്വന്തം വിശ്വാസങ്ങളെ പിന്തുടര്‍ന്ന് കമ്യൂണിസ്റ്റായിരിക്കാമെന്ന നയവ്യതിയാനം നടത്തിയതിന്റെ ഭാഗമായി രണ്ട് ഇടതുപക്ഷ പാര്‍ട്ടികളിലും മതാധിഷ്ഠിത സഖാക്കളാണുള്ളതെന്ന് പറയാതെ വയ്യ.

അങ്ങനെയൊരു മനതാധിഷ്ഠിത കമ്യൂണിസ്റ്റായ മുഹമ്മദ് മുഹിസിന്‍ MLA ഉംറയ്ക്കു പോയതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഉംറയ്ക്ക് പോകുന്നത്, പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതു പോലെയാണോ എന്നും, ദൈവങ്ങളെപ്പോലെ കാണുന്ന മാര്‍ക്‌സിനെയും ലെനിനേയും അവരുടെ വിപ്ലവത്തെയും മുഹ്‌സിന്‍ എവിടെയാണ് വെച്ചതെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ സി.പി.ഐ അണികള്‍ ചോദിക്കുന്നുണ്ട്. ആരുടെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താതെയുള്ള പാര്‍ഡട്ടി പ്രവര്‍ത്തനമേ കേരളത്തില്‍ നടക്കൂ എന്നിരിക്കെ മുഹ്‌സിന്റെ ഉംറ, പാര്‍ട്ടിക്കുള്‌ലില്‍ ചര്‍ച്ചയാകുമോ എന്നാണ് അറിയേണ്ടത്.

ദൈവത്തിനാണോ പാര്‍ട്ടിക്കാണോ പ്രാധാന്യമെന്നത് പാര്‍ട്ടി നേതൃത്വമാണ് പറയേണ്ടതെന്നും അണികള്‍ പറയുന്നു. പാര്‍ട്ടിയുടെ MLA ആയിരിക്കുമ്പോഴുള്ള ഈ നടപടി, പാര്‍ട്ടി അറിഞ്ഞുകൊണ്ടാണോ എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ നിരീശ്വര വാദത്തില്‍ അധിഷ്ഠിതമാണ്. എന്നിട്ടും, പാര്‍ട്ടിക്ക് വ്യതിചലനം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തവുമാണ്. എന്നാല്‍, പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍, പാര്‍ട്ടിയെ നയിക്കുന്നവര്‍ ഇത്തരം മതാധിഷ്ഠിത പ്രവണതകള്‍ക്ക് ചുക്കാന്‍ പിടിക്കുമ്പോള്‍ അണികള്‍ എങ്ങനെ പാര്‍ട്ടി തത്വങ്ങളില്‍ കീഴ്‌പ്പെട്ടു പോകും.

അതുകൊണ്ടു തന്നെയാണ് ദൃഢപ്രതിജ്ഞ എടുത്ത് എംഎല്‍എയായ സിപിഐ നേതാവ് മുഹമ്മദ് മുഹ്‌സിന്റെ ഉംറ നിര്‍വഹിക്കല്‍ വിവാദമാകുന്നതും. പട്ടാമ്പിയില്‍ നിന്നുള്ള എംഎല്‍എയാണ് മുഹമ്മദ് മുഹ്‌സിന്‍. ഈ മാസം 19ന് അദ്ദേഹം തന്റെ ഫെയസ്ബുക്കില്‍ ഉംറയ്ക്ക് പുറപ്പെടുന്ന കാര്യം ചിത്രം സഹിതം പോസ്റ്റ് ചെയ്തിട്ടുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധി, കമ്യൂണിസ്റ്റ് ആശയത്തിന് വിരുദ്ധമായ മതങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് പാര്‍ട്ടി വിരുദ്ധമല്ലേ സഖാവെ എന്നാണ് മുഹ്‌സിന്റെ പോസ്റ്റിനു താഴെ വന്നിരിക്കുന്ന കമന്റുകളില്‍ ഒന്ന്. ഇങ്ങനെ നിരവധി കമന്‍രുകള്‍ പോസ്റ്റിനു കിട്ടിയിട്ടുണ്ട്.

ഫാന്‍സി ഡ്രസ്സിന് വേഷമിട്ടതാണോ മുഹ്‌സീനെ എന്നും ചോദിക്കുന്നവരുണ്ട്. 2016ലും 2021ലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹ്‌സിന്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞാ വേളയില്‍ ദൈവനാമം വിട്ട് ദൃഢപ്രതിജ്ഞയാണ് എടുത്തിരിക്കുന്നത്. അങ്ങനെയുള്ള ഒരു വ്യക്തി മതപരമായ ചടങ്ങ് നിര്‍വഹിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് അണികള്‍ ഉയര്‍ത്തുന്നതും. മതപരമായ ചടങ്ങില്‍ പങ്കെടുത്ത മുഹ്‌സിനെതിരെ നടപടി ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാര്‍ട്ടി അംഗമായ മുതിര്‍ന്ന നേതാവ് മതപരമായ ചടങ്ങ് നിര്‍വഹിച്ചതിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സിപിഐ ഇപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പോസ്റ്റിട്ട് പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടിനെ വെല്ലുവിളിച്ചിട്ടും മിണ്ടാതിരിക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം. കഴിഞ്ഞ കുറെ നാളുകളായി വിഭാഗീയതയുടെ ഭാഗമായി സിപിഐ പാലക്കാട് ജില്ലാ കമ്മറ്റിയുമായി ഇടഞ്ഞു നില്‍ക്കുകയും നടപടി നേരിടുകയും ചെയ്ത വ്യക്തിയാണ് മുഹ്‌സിന്‍. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് ഇദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു. കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പട്ടാമ്പി മണ്ഡലം കമ്മറ്റി പിരിച്ചുവിട്ട് മുഹ്‌സിനൊപ്പം നിന്ന നേതാക്കളെ സസ്‌പെന്റ് ചെയ്തിരുന്നു.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ 2017 സെപ്റ്റംബറില്‍ അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരിലെത്തി ഷര്‍ട്ട് ഊരി ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ഗുരുവായൂരപ്പനെ തൊഴുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാടും കഴിപ്പിച്ചു. വൈകിട്ടു ചേര്‍ന്ന സമ്മേളനത്തില്‍ ‘ഇതു ധന്യവും മനോഹരവുമായ നിമിഷങ്ങള്‍’ എന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ നടപടിക്കെതിരെ സിപിഎം വിശദീകരണം തേടുകയും ചെയ്തിരുന്നു. 2006ല്‍ സിപിഎം നിയമസഭാംഗങ്ങളായ എംഎം മോനായി, ഐഷ പോറ്റി എന്നിവര്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിനെ പാര്‍ട്ടി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതും ഇവിടെ ഓര്‍ക്കണം.

”ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെ ആകെ അപമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതതെന്നാണ് അണികള്‍ പറയുന്നത്. പാര്‍ട്ടി നിലപാടുകളില്‍ പാര്‍ട്ടി അംഗങ്ങളെയാകെ ഉറച്ചുനില്‍ക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകള്‍ പാര്‍ട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം” എന്ന് രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഇറക്കിയ പാര്‍ട്ടിക്കത്തില്‍ സിപിഎം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 2021ല്‍ സിപിഎം അംഗങ്ങളായ ആന്റണി ജോണ്‍ (കോതമംഗലം), ദലീമ (അരുര്‍), വീണാ ജോര്‍ജ് (ആറന്മുള) എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് പാര്‍ട്ടി എംഎല്‍എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെക്കുറിച്ച് ആക്ടിംഗ് സെക്രട്ടറിയായിരുന്ന എ വിജയരാഘവന്‍ വളരെ വിചിത്രമായ മറുപടിയാണ് അന്ന് പറഞ്ഞത്. ”സിപിഎമ്മില്‍ പുതുതായി വരുന്നവര്‍ക്ക് പാര്‍ട്ടിയുടെ ബോധം പെട്ടെന്ന് ലഭിക്കില്ല. പാര്‍ട്ടി വിദ്യാഭ്യാസത്തിലൂടെ അത് നേടാം. പാര്‍ട്ടിയുടെ വിദ്യാഭ്യാസ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിക്കും” എന്നായിരുന്നു വിജയരാഘവന്റെ മറുപടി.

സി.പി.എം അന്ന് കൈക്കൊള്ളുിമെന്നു പറഞ്ഞ പാര്‍ട്ടി വിദ്യാഭ്യാസ പരിപാടികള്‍ സി.പി.ഐയില്‍ ഉണ്ടാകുമോ എന്നൊരു ചോദ്യമാണ് ഉയരുന്നുത്. നേതാക്കളെല്ലാം നാവിറങ്ങിപ്പോയ അവസ്ഥയില്‍ ആയതിനു പിന്നാലെ മുഹ്‌സിനെതിരേ പാര്‍ട്ടി നടപടിക്കു സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍, അത്, ഉംറയ്ക്കു പോയതിനെ വിമര്‍ശിച്ചായിരിക്കില്ല. വിഭാഗീയതയുടെ പേരില്‍ ആയിരിക്കുമെന്നുമാണ് സൂചന.

 

CONTENT HIGHLIGHTS;’Religion-Based Communist’ : MLA Muhammad Muhsin Goes for “Umrah”; CPI’s tongue fell silent

Latest News