World

ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു: മരണം 558 ആയി, പലായനം ചെയ്ത് ആയിരങ്ങൾ

ബയ്റുത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. 50 കുട്ടികളും 94 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 1835 പേർക്കാണ് പരിക്കേറ്റത്. ആയിരണകണക്കിന് ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ട് കൂട്ടപ്പലായനം നടത്തി.

ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ഒരു കമാൻഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.

തിങ്കളാഴ്ച തങ്ങളുടെ യുദ്ധവിമാനങ്ങള്‍വഴി 2000 സ്‌ഫോടക വസ്തുക്കളാണ് ലെബനനില്‍ വര്‍ഷിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്യുന്നതിനെ തുടര്‍ന്ന് ബയ്‌റുത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.

അതേസമയം, ഇസ്രായേിന് നേരെ തിരിച്ചടി തുടർന്ന് ഹിസ്ബുല്ല. ഇതിനോടകം 200ലേറെ റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്. ഇസ്രായേൽ വ്യോമതാവളങ്ങൾക്ക് നേരെയടക്കം മിസൈൽ പ്രയോഗിച്ചു.

ഇസ്രായേൽ ആക്രമണവും ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാവുകയും മിഡിൽ ഈസ്റ്റിൽ പുതിയ യുദ്ധഭീതി ഉയരുകയും ചെയ്ത സാഹചര്യത്തിൽ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ഐക്യരാഷ്ട്രസഭാ ആസ്ഥാനമായ ന്യൂയോർക്കിലേക്ക് തിരിച്ചു. നിലവിലുള്ള സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് യാത്ര. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും 89 താൽക്കാലിക ഷെൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ലെബനീസ് മന്ത്രി നാസർ യാസിൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

വ്യോമാക്രമണത്തിനു മറുപടിയെന്നോണം ഇന്നലെ മുതൽ വടക്കൻ ഇസ്രായേലിലെ പ്രധാന നഗരമായ ഹൈഫയിലേക്ക് നിരവധി റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുക്കുന്നത്. ഇന്നും നിരവധി മിസൈലുകൾ ഹൈഫയിൽ പതിച്ചു. ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല മിസൈൽ വിക്ഷേപിച്ചതെന്ന് വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്തു. ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചത്.

റോക്കറ്റുകൾ പതിച്ച സാഹചര്യത്തിൽ ഹൈഫയിലടക്കം ഇസ്രായേൽ മുന്നറിയിപ്പ് സൈറൻ മുഴക്കുകയും രാ​ജ്യത്താതെ സെപ്റ്റംബർ 30 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുല്ല റോക്കറ്റ് ആക്രമണം വ്യാപിപ്പിച്ചതിനാൽ വടക്കൻ ഇസ്രായേലിലുടനീളവും അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ വടക്കൻ ഭാഗത്തും മുന്നറിയിപ്പ് സൈറൻ മുഴക്കിയതായി സൈന്യം അറിയിച്ചിരുന്നു. കൂടാതെ, മെഗിദ്ദോ സൈനിക വിമാനത്താവളത്തിന് നേരെയും ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള റമാത്ത് ഡേവിഡ് എയർബേസിനും നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.